Alappuzha local

ചികില്‍സയില്‍ കഴിയുന്ന മല്‍സ്യത്തൊഴിലാളികളെ ചെന്നിത്തല സന്ദര്‍ശിച്ചു

ആലപ്പുഴ: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കരയിലെത്താന്‍ കഴിയാതെ കടലില്‍ അകപ്പെട്ടു ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി  ചികില്‍സയില്‍ കഴിയുന്ന മല്‍സ്യത്തൊഴിലാളികളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ചെട്ടികാട് നിന്നും മല്‍സ്യബന്ധനത്തിന് പോയി കാണാതായ ജോയല്‍ വള്ളത്തിലെ മത്സ്യത്തൊഴിലാളികളായ ജോയി, സിബിച്ചന്‍, യേശുദാസ്, ജോസഫ്, ഷാജി എന്നിവരെ കാണാന്‍ ചെട്ടികാട് ആശുപത്രിയിലാണ് ഇന്നലെ പ്രതിപക്ഷ നേതാവ് എത്തിയത്.
വൈകുന്നേരത്തോടെ ആശുപത്രിയിലെത്തിയ അദ്ദേഹം കടലില്‍ വെച്ചുണ്ടായ കാര്യങ്ങള്‍ ചോദിച്ചറിയുകയും നിലവിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇവിടെ നിന്നും മാറ്റേണ്ടതില്ലെന്നും ചികിത്സ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സര്‍ക്കാരില്‍ നിന്നും യാതെരുവിധ സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തി.  സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കാമെന്നും തൊഴിലുപകരണങ്ങളും മറ്റും നഷ്ടപ്പെട്ടവരുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസംകടലില്‍ നിന്നും രക്ഷിച്ച ഇവരെ ബേപ്പൂരിലെത്തിച്ചാണ് ചെട്ടികാട് കൊണ്ടുവന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
മുന്‍ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍, നേതാക്കളായ ബി ബൈജു, സി എ പാപ്പച്ചന്‍, അഡ്വ.റീഗോ രാജു, ശോശാമ്മ ലൂയീസ്, ഓമന മണിക്കൂട്ടന്‍, ശശികുമാര്‍, അഡ്വ. ഷാലോണ്‍സാലോണ്‍, ടി ജെ ഫിലിഫ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it