malappuram local

ചാലിയാറില്‍ നിന്നുള്ള പമ്പിങ്് രണ്ടു ദിവസത്തിനകം

മലപ്പുറം: ചാലിയാര്‍ കേന്ദ്രീകരിച്ച് വാട്ടര്‍ അതോററ്റി നടത്തുന്ന കുടിവെള്ള വിതരണം രണ്ടു ദിവസത്തിനകം പുനരാരംഭിക്കാന്‍ കഴിയുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന ചാലിയാര്‍ തീരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലിയാറില്‍ കാണുന്ന പച്ച നിറത്തിലുള്ള ആല്‍ഗകള്‍ അപകടം നിറഞ്ഞതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കിയതായി ജില്ലാ കലക്ടര്‍ പറഞ്ഞു.
എന്നാലും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനായി വെള്ളം കോഴിക്കോട് സിഡബ്യൂആര്‍ഡിഎമ്മിന് നല്‍കിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം റിസള്‍ട്ട് ലഭിക്കും. ഇതോടെ പമ്പിങ് നടപടികള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്തുകളുടെ സഹകരണത്തോടെ പുഴയില്‍ കെട്ടിക്കിടക്കുന്ന ആല്‍ഗ കളയുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി തോണികളോ ജലം മലിനമാക്കാത്ത പുതിയ ബോട്ടുകളോ ഉപയോഗിക്കാവാനും നിദേശിച്ചിട്ടുണ്ട്. പദ്ധതി വിജയിക്കുന്നില്ലെങ്കില്‍ മമ്പാട് ഒടായിക്കല്‍ റഗുലേറ്ററിന്റെ ഷട്ടര്‍ ചെറുതായി തുറന്ന് വെള്ളം തള്ളി വിടും. അടിയന്തരമായി പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ചീക്കോട് പദ്ധതിയില്‍നിന്ന് വെള്ളമെടുത്ത് വിതരണം ചെയ്യാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ഇതിനായി മേഖലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടാങ്കര്‍ ലോറികള്‍ ഉപയോഗിക്കാം. മാലിന്യം സംസ്‌കരണത്തിനും  നിര്‍മാര്‍ജനത്തിനും സൗകര്യം ഏര്‍പ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് യോഗത്തില്‍ പങ്കെടുത്ത ചാലിയാര്‍ പ്രദേശത്തെ  സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിനു പുറമെ പോലിസ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സ്‌ക്വാഡ് രൂപീകരിച്ച് ഇന്നുമുതല്‍ എല്ലാ സ്ഥാപനങ്ങളും പരിശോധിക്കും. ഇതിനായി പൊതുജനങ്ങളുടെ സഹകരണവും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പരിശോധന സംബന്ധിച്ച റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് മൂന്ന് ദിവസത്തിനകം നല്‍കണം. പുഴയിലേക്ക് വീടുകളില്‍നിന്നോ സ്ഥാപനങ്ങളില്‍നിന്നോ മാലിന്യം നീക്കം ചെയ്യുന്ന കുഴലുകളോ മറ്റു മാര്‍ഗങ്ങളോ ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ അടയ്ക്കണം. ഇത്തരം മാര്‍ഗങ്ങള്‍ നീക്കംചെയ്യാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്ത് വിവരം റിപോര്‍ട്ട് ചെയ്യാനും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മാലിന്യം തള്ളുന്നത് തടയാന്‍ സിസിടിവി കാമറ വയ്ക്കുന്ന പഞ്ചായത്ത് പദ്ധതികള്‍ക്ക് പെട്ടന്ന് അനുമതി നല്‍കും. പഞ്ചായത്ത പരിധിയില്‍ സന്നദ്ധ സംഘടനുകളുടെയും സഹകരണത്തോടെ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ചാലിയാറിനെ കേന്ദ്രീകരിച്ച് ആസൂത്രണം ചെയ്യാനും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ചാലിയാറിക്ക് സമീപമുള്ള ഒരു പ്രമുഖ റിസോര്‍ട്ടില്‍നിന്ന് മാലിന്യം പുഴയിലേക്ക് തള്ളിവിടുന്നതായി വന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടയിന്തരമായി നടപടി സ്വീകരിച്ചു റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഇതിന് പോലിസ് സഹായം നല്‍കാന്‍ യോഗത്തില്‍ പങ്കെടുത്ത ഡിവൈഎസ്പി ഉല്ലാസിനോട് നിദേശിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്യഷ്ണന്‍, നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് വി പി സുഗതന്‍, ഡെപ്യുട്ടി കലക്ടര്‍ സി അബ്ദുല്‍ റഷീദ്, ഡിവൈഎസ്പി എം ഉല്ലാസ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ സക്കീന, ഗ്രൗണ്ട് വാട്ടര്‍ ജില്ലാ ഓഫിസര്‍ സി ഉപേന്ദ്രന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി കെ മുഹമ്മദ് ഇസ്മായില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it