Flash News

ചാംപ്യന്‍സ് ലീഗ് : ഇനി കലാശം ; യുവന്റസ് X റയല്‍ മാഡ്രിഡ്



കാര്‍ഡിഫ്: ഇത്തവണ കാര്‍ഡിഫില്‍ തീപാറും. രണ്ട് ലീഗ് ചാംപ്യന്‍മാര്‍, ഒരുപോലെ കരുത്ത് തെളിയിച്ച് ഫൈനലില്‍ എത്തിയവര്‍, രണ്ട് ഉഗ്രന്‍ പരിശീലകര്‍, ഏത് ഘട്ടങ്ങളിലും ഏത് വിധത്തിലും കളിക്കാന്‍ കഴിയുന്ന ഉഗ്രന്‍ പ്ലെയേഴ്‌സ്... അങ്ങനെ, ആവേശത്താല്‍ കോരിത്തരിപ്പിക്കുന്ന ഒട്ടനവധി ഘടകങ്ങള്‍ ചേര്‍ന്നതാണ് ചാംപ്യന്‍സ് ലീഗ് 2016-17 സീസണ്‍ ഫൈനല്‍. നാലാം തിയ്യതി ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.15ന് കാര്‍ഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തിലെ മല്‍സരത്തില്‍ തീപാറാന്‍ ഇതില്‍പരം എന്തുവേണം?ആവേശോജ്വല മല്‍സരങ്ങള്‍ പിടിച്ചെടുത്താണ് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ കരുത്തരായ യുവന്റസും ഫൈനലില്‍ കടന്നത്. കരുത്തുറ്റ ബാഴ്‌സലോണയെ വരെ മുട്ടുകുത്തിച്ച യുവന്റസ് മൂന്നാം കിരീടം തേടിയാണ് കാര്‍ഡിഫില്‍ ബൂട്ടണിയുന്നത്. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണികിനെയും നാട്ടുകാരായ അത്‌ലറ്റികോ മാഡ്രിഡിനെയുമൊക്കെ തറപറ്റിച്ചാണ് വെള്ളപ്പട അവസാന രണ്ടില്‍ കടന്നത്. രണ്ട് കരുത്തരുടെ ശക്തിപരീക്ഷണം എന്നതിലുപരി, മികച്ച പരിശീലകര്‍ കൊമ്പുകോര്‍ക്കുന്നു എന്നതു കൊണ്ട് കൂടി ഇത്തവണ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ വ്യത്യസ്തമാവും.പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതിരോധത്തിലേക്ക് ഉള്‍വലിയാനും എതിരാളികളുടെ നീക്കം മണത്തറിഞ്ഞ് കുന്തമുന പോലെ ആക്രമിച്ചു കയറാനും പരിശീലനം സിദ്ധിച്ച ക്ലബ്ബുകളാണ് റയലും യുവന്റസും. ഇതിന് ഇവരെ പ്രാപ്തരാക്കിയതാവട്ടെ, ലോകം കണ്ട മികച്ച പരിശീലകരില്‍ രണ്ടു പേര്‍. സിനദിന്‍ സിദാനും മസിമിയാനോ അല്ലെഗ്രിയും. ഇറ്റാലിയന്‍ വമ്പിനാണോ സ്പാനിഷ് അഴകിനാണോ കൂടുതല്‍ കരുത്ത് എന്നുള്ള തീര്‍പ്പുകല്‍പ്പിക്കലിനൊപ്പം മികച്ച പരിശീലകന്‍ ആരെന്നു കൂടി ലോകം വിധിയെഴുതും. 2015ല്‍ ചാംപ്യന്‍സ് ലീഗിലാണ് ഇരുക്ലബ്ബുകളും അവസാനമായി മുഖാമുഖം ഏറ്റുമുട്ടിയത്. അന്നത്തെ സെമിഫൈനല്‍ രണ്ടാംപാദം സമനിലയില്‍ കലാശിച്ചു. പക്ഷേ, കൂടുതല്‍ ഗോളിന്റെ മുന്‍തൂക്കത്തില്‍ യുവന്റസ് ഫൈനലില്‍ കടക്കുകയായിരുന്നു (2-3). 2013 ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് സ്റ്റേജില്‍ റയലിനായിരുന്നു ജയം. ഇങ്ങനെ, കണക്കു നോക്കിയാല്‍ കരുത്തരെ തിരിച്ചറിയാന്‍ പ്രയാസപ്പെടും. അതിനാല്‍, പ്രവചനാതീതമായ ഫൈനല്‍ പോരാട്ടം കണ്ടറിയേണ്ടി വരും.
Next Story

RELATED STORIES

Share it