Flash News

ചവറ അപകടം : മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം



തിരുവനന്തപുരം: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ചവറയിലെ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സില്‍ കഴിഞ്ഞ 30ന് ഇരുമ്പുപാലം തകര്‍ന്നു മൂന്നുപേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. അപകടത്തില്‍ മരിച്ച കെഎംഎംഎല്‍ ജീവനക്കാരായ ശ്യാമളാദേവി, ആഞ്ജലീന, അന്നമ്മ എന്നിവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപവീതം കമ്പനി ധനസഹായം നല്‍കണം. നിയമാനുസൃതമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കു പുറമെയാണ് ഈ സഹായം. മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നു കമ്പനിയോട് നിര്‍ദേശിക്കാനും തീരുമാനിച്ചു. പരിക്കേറ്റു ചികില്‍സയില്‍ കഴിയുന്ന 32 ജീവനക്കാരുടെ ചികില്‍സാച്ചെലവ് പൂര്‍ണമായും കമ്പനി വഹിക്കണം. തകര്‍ന്ന പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ സാങ്കേതിക സഹായത്തോടെ പുനര്‍ നിര്‍മിക്കണം.അപകടത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ ചുമതലപ്പെടുത്തി. സാങ്കേതിക വിദഗ്ധര്‍ കൂടി ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തുക. ദേഹത്ത് മരം വീണ് നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു കിടപ്പായ മുന്‍ വടക്കേ വയനാട് എംഎല്‍എ കെ സി കുഞ്ഞിരാമന്റെ ചികില്‍സാച്ചെലവിലേക്ക് അഞ്ചുലക്ഷം രൂപ അനുവദിക്കും. മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനാല്‍ കാസര്‍കോട് മഹിളാ മന്ദിരത്തില്‍ കഴിയുന്ന കുമാരി ദിവ്യക്ക് പരപ്പ അഡീഷനല്‍ ഐസിഡിഎസില്‍ പാര്‍ട് ടൈം സ്വീപ്പറായി നിയമനം നല്‍കും. ഇതിനായി ഐസിഡിഎസില്‍ തസ്തിക സൃഷ്ടിക്കും. കേരള സംസ്ഥാന സര്‍വ വിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്ക് 10ാം ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യം നല്‍കും.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നു വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കും. കണ്ണൂര്‍ ജില്ലയിലെ പടിയൂരില്‍ പുതിയ ഐടിഐ ആരംഭിക്കും. ഫിറ്റര്‍ ട്രേഡിന്റെ രണ്ടു യൂനിറ്റുകളാണ് ഇവിടെ ആരംഭിക്കുക. ഇതിനുവേണ്ടി ആറു തസ്തികകള്‍ സൃഷ്ടിക്കും. ഐടിഐയില്‍ എട്ടു തസ്തികകള്‍ അധികമായി സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഭവനനിര്‍മാണ ബോര്‍ഡിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2018 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കും. ഇതുമൂലമുണ്ടാവുന്ന സാമ്പത്തികബാധ്യത ബോര്‍ഡ് തന്നെ ഏറ്റെടുക്കണമെന്ന വ്യവസ്ഥയിലാണ് തീരുമാനം. 1993 ഐഎഎസ് ബാച്ചിലെ ഉഷ ടൈറ്റസ്, കെ ആര്‍ ജ്യോതിലാല്‍, പുനീത് കുമാര്‍, ഡോ. ദേവേന്ദ്രകുമാര്‍ ദൊധാവത്ത്, ഡോ. രാജന്‍ ഖോബ്രാഗഡെ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഒഴിവുവരുന്ന മുറയ്ക്ക് ഇവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിയമനം നല്‍കും. ഹൈക്കോടതിയിലെ 38 ഓഫിസ് അസിസ്റ്റന്റ് തസ്തികകള്‍ സേവക് തസ്തികകളാക്കി മാറ്റും. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ഉള്‍െപ്പടെ 20,330 രൂപയാവും വേതനം.
Next Story

RELATED STORIES

Share it