ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം; ജൂറി ചര്‍ച്ചകളുടെ വീഡിയോ സൂക്ഷിക്കുന്നതില്‍ ചലച്ചിത്ര അക്കാദമിക്ക് എതിര്‍പ്പ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ ചര്‍ച്ചകള്‍ വീഡിയോ റിക്കാഡ് ചെയ്തു സൂക്ഷിക്കുന്നത് ഗുണകരമാവില്ലെന്നു സംസ്ഥാന ചലച്ചിത്ര അക്കാദമി.
ജൂറി അംഗങ്ങള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യുന്നത് റിക്കാഡ് ചെയ്താല്‍ അവാര്‍ഡ് നിര്‍ണയത്തിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നാണ് അക്കാദമിയുടെ നിലപാട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അവാര്‍ഡ് നിര്‍ണയം സുതാര്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ജൂറിയുടെ ചര്‍ച്ചകള്‍ വീഡിയോ റിക്കാഡ് ചെയ്തു സൂക്ഷിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നത്. എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ചലച്ചിത്ര അക്കാദമി.
വിവരാവകാശ അപേക്ഷയിലേക്കു നല്‍കിയ മറുപടിയിലാണ് അക്കാദമി നിലപാട് വ്യക്തമാക്കിയത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനായി ജൂറി ചര്‍ച്ചചെയ്തു തയ്യാറാക്കുന്ന റിപോര്‍ട്ട് അല്ലാതെ ജൂറി അംഗങ്ങള്‍ മാര്‍ക്ക് നല്‍കാറില്ല. ജൂറി അംഗങ്ങള്‍ സിനിമകള്‍ കണ്ടതിനു ശേഷം ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യും.
എന്നാല്‍, ഈ ചര്‍ച്ചകള്‍ വീഡിയോ റിക്കാഡ് ചെയ്യുന്നത് പുരസ്‌കാര നിര്‍ണയത്തിനു ഗുണകരമായിരിക്കില്ലെന്നാണ് അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം.
ചര്‍ച്ചയുടെ രഹസ്യസ്വഭാവം ഡോക്യുമെന്റ് ചെയ്ത് പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്ന അക്കാദമി സെക്രട്ടറിയുടെ അഭിപ്രായം കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്നും വിവരാവകാശരേഖ പറയുന്നു. അക്കാദമിയുടെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കാനാണ് വിവരാവകാശ പ്രവര്‍ത്തകരുടെ നീക്കം.
Next Story

RELATED STORIES

Share it