Flash News

ചലച്ചിത്രോല്‍സവം: കാന്‍ഡലേറിയ ജ്വലിച്ചു, മെഴുകുതിരിപോല്‍

തിരുവനന്തപുരം: വാര്‍ധക്യത്തിലും പ്രണയത്തിന്റെ തീവ്രത അവസാനിക്കുന്നില്ലെന്നു പറഞ്ഞുതരുന്ന ചിത്രമാണ് ജോണി ഹെന്‍ഡ്രിക്‌സ് സംവിധാനം ചെയ്ത കാന്‍ഡലേറിയ. തൊണ്ണൂറുകളിലെ ക്യൂബയുടെ പശ്ചാത്തലത്തില്‍ പുരോഗമിക്കുന്ന ചിത്രം. ദാരിദ്ര്യവും പ്രണയവും കൂടിക്കലര്‍ന്നൊരു പ്രമേയം. ഒരു ദരിദ്രരാജ്യത്തെ സമ്പന്നരാജ്യങ്ങള്‍ എങ്ങനെ ചൂഷണം ചെയ്യുന്നു എന്നാണ് വിക്ടര്‍ ഹ്യൂഗോ-കാന്‍ഡലേറിയ എന്നീ വൃദ്ധദമ്പതികളിലൂടെ ചിത്രം ചര്‍ച്ചചെയ്യുന്നത്. വാര്‍ധക്യത്തിലും മനസ്സില്‍ യുവത്വം സൂക്ഷിക്കുന്ന ദമ്പതികള്‍ ചൂഷണം ചെയ്യപ്പെടുന്നതാണ് കഥാതന്തു. വ്യാവസായിക നിരോധനത്തെ തുടര്‍ന്ന് ക്യൂബയില്‍ ജീവിതം ദുസ്സഹമായപ്പോള്‍ ദാരിദ്ര്യം എന്ന പടുകുഴിയില്‍ വീണുപോയ ഹ്യൂഗോയുടെ കുടുംബത്തിലൂടെ ക്യൂബയിലെ നരകസമാനമായ ജീവിതത്തിലേക്കു സംവിധായകന്‍ നമ്മെ എത്തിക്കുന്നു. ഹോട്ടലിലെ മുഷിഞ്ഞ സാമഗ്രികള്‍ വൃത്തിയാക്കുന്ന ജോലിചെയ്യുകയാണ് 70 കഴിഞ്ഞ കാന്‍ഡലേറിയ. ഒരിക്കല്‍ ജോലിക്കിടെ കാന്‍ഡലേറിയക്ക് അവിചാരിതമായി ഒരു വീഡിയോ കാമറ കിട്ടുന്നതാണ് സിനിമയിലെ ടേണിങ് പോയിന്റ്. ഈ കാമറ പിന്നീട് ഹ്യൂഗോയുടെ സന്തതസഹചാരിയാവുകയാണ്. വിരസനിമിഷങ്ങളില്‍ ഹ്യൂഗോ കാമറയിലൂടെ ചിത്രീകരിച്ച സ്വകാര്യ നിമിഷങ്ങള്‍ അയല്‍പക്കത്തെ ഒരു ഇടനിലക്കാരന്റെ കൈകളിലെത്തുന്നു. അയാള്‍ ഹ്യൂഗോ ചിത്രീകരിച്ച വീഡിയോകള്‍ വില്‍ക്കുകയും അതിലൂടെ അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. ദാരിദ്ര്യത്തിന്റെ പടിക്കെട്ടില്‍ നില്‍ക്കുന്ന വൃദ്ധദമ്പതികളിലൂടെ ചില ചോദ്യങ്ങള്‍ സമൂഹത്തിനു മുന്നില്‍ ചിത്രം ഉയര്‍ത്തുന്നു. കുറച്ച് അഭിനേതാക്കള്‍ മാത്രമുള്ള ചിത്രത്തിലെ എല്ലാവരുടെയും പ്രകടനം ഗംഭീരമായിരുന്നു. ജീവിക്കുന്ന അഭിനേതാക്കള്‍ക്കൊപ്പം ഒരു കാമറയും ഏതാനും കോഴിക്കുഞ്ഞുങ്ങളും കാന്‍ഡലേറിയയില്‍ കഥാപാത്രങ്ങളായുണ്ട്. മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റി.
Next Story

RELATED STORIES

Share it