wayanad local

ചര്‍ച്ച അലസി; മാനന്തവാടി താലൂക്കില്‍സ്വകാര്യ ബസ് സമരം തുടരും



മാനന്തവാടി: വേതനവര്‍ധനവുമായി ബന്ധപ്പെട്ട് താലൂക്കില്‍ സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിന്‍ ശനിയാഴ്ച ആരംഭിച്ച സമരം തുടരും. വര്‍ധന സംബന്ധിച്ചെടുത്ത തിരുമാനങ്ങള്‍ നടപ്പാക്കാന്‍ ബസ്സുടമകള്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. വെള്ളിയാഴ്ച രാവിലെ സമരം തുടങ്ങിയെങ്കിലും ചര്‍ച്ചയില്‍, വര്‍ധിപ്പിച്ച കൂലി ജൂണ്‍ ഒന്നു മുതല്‍ നല്‍കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ചേര്‍ന്ന ബസ്സുടമകളുടെ യോഗം വര്‍ധിപ്പിച്ച വേതനം നല്‍കേണ്ടെന്നു തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച വീണ്ടും അനിശ്ചിത കാലപണിമുടക്ക് തുടങ്ങിയത്. പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി. വിവിധ യൂനിയന്‍ നേതാക്കളായ കെ സജീവന്‍, എം പി ശശികുമാര്‍, സന്തോഷ് ജി നായര്‍, എം രജീഷ്, സി പി മുഹമ്മദാലി, ബഷീര്‍ നേതൃത്വം നല്‍കി. വൈകീട്ട് സിഐ പി കെ മണിയുടെ അധ്യക്ഷതയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. വര്‍ധന നടപ്പാക്കാന്‍ ഒരു മാസത്തെ സമയം വേണമെന്ന ബസ്സുടമകളുടെ ആവശ്യം തൊഴിലാളി സംഘടനകള്‍ തള്ളുകയായിരുന്നു. സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യ ബസ്സുകളെ മാത്രം ആശ്രയിക്കുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അതേസമയം, സമരം കെഎസ്ആര്‍ടിസിക്ക് അനുഗ്രഹമാായി.
Next Story

RELATED STORIES

Share it