ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍; മറാത്ത പ്രക്ഷോഭം പിന്‍വലിച്ചു

മുംബൈ: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ രംഗത്തും സംവരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ മറാത്ത സമുദായം നടത്തിവന്ന പ്രക്ഷോഭം പിന്‍വലിച്ചു. സമരക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചതിനെ തുടര്‍ന്നാണു സമരം പിന്‍വലിച്ചത്. അക്രമാസക്തവും നിയന്ത്രണാതീതവുമായതിനെത്തുടര്‍ന്ന് ഇന്നലെ പ്രഖ്യാപിച്ച ബന്ദ് മറാത്ത ക്രാന്തി മോര്‍ച്ച പിന്‍വലിച്ചിരുന്നു.
എന്നാല്‍ സകല്‍ മറാത്ത സമാജ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ നവി മുംബൈ, പന്‍വേല്‍ എന്നിവിടങ്ങളില്‍ പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. മുംബൈ, നവിമുംബൈ, താനെ, പാല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങളില്‍ വ്യാപക ആക്രമണമാണ് ഉണ്ടായത്.
സംവരണം ആവശ്യപ്പെട്ട് ഔറംഗാബാദിലെ കായ്ഗാവില്‍ വഴിതടയുന്നതിനിടെ ചൊവ്വാഴ്ച മറാത്ത യുവാവ് കാകാസാഹെബ് ഷിന്‍ണ്ഡെ ഗോദാവരി നദിയില്‍ ചാടി ആത്മഹത്യ ചെയ്തതില്‍ പ്രകോപിതരായാണ് മറാത്തി ക്രാന്തി മോര്‍ച്ച ബന്ദിന് ആഹ്വാനം ചെയ്തത്. ബുധനാഴ്ച ബന്ദ് പ്രഖ്യാപിച്ച സമരക്കാര്‍ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.
കായ്ഗാവില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ സംസ്‌കാരച്ചടങ്ങിന് എത്തിയ ഔറംഗാബാദ് എംപി ശിവസേനയിലെ ചന്ദ്രകാന്ത് ഖൈറെ, കോണ്‍ഗ്രസ് എംഎല്‍സി സുഭാഷ് സമ്പദ് എന്നിവരെ മറാത്തകള്‍ മര്‍ദിച്ചു. അഗ്‌നിശമന സേനയുടെയും പോലിസിന്റെയും വാഹനങ്ങളും ട്രക്കും സമരക്കാര്‍ വ്യാപകമായി അഗ്നിക്കിരയാക്കി. ഇന്നലെ സമരക്കാര്‍ ബസ്സുകള്‍ക്ക് നേരെ കല്ലെറിയുകയും റോഡില്‍ ടയര്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it