malappuram local

ചരിത്രം ചരിത്രമായി തന്നെ നിലനിര്‍ത്തണം : എ പി അബൂബക്കര്‍ മുസ്‌ല്യാര്‍



മലപ്പുറം: ചരിത്രം ചരിത്രമായി തന്നെ നിലനിര്‍ത്താനാവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നു കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ല്യാര്‍. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന എസ്‌വൈഎസ് ഫിഖ്ഹ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനു നിവേദനം സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ബാബരി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് പള്ളിയില്ല. ഇനി ഒരു 25 വര്‍ഷം കഴിഞ്ഞാല്‍ പള്ളിയില്ലെന്ന് സ്ഥാപിച്ച് ആരും ചരിത്രമെഴുതരുത്. പള്ളിയുണ്ടായിരുന്നുവെന്ന ചരിത്രം രേഖപ്പെടുത്തപ്പെട്ടതാണ്. അതു കൊണ്ടാണ് സുപ്രിംകോടതി പള്ളി തകര്‍ത്ത കേസിലെ ഗൂഢാലോചനയില്‍ രാജ്യത്തെ പ്രമുഖര്‍ വിചാരണ നേരിടണമെന്നു പറഞ്ഞത്. പള്ളിയുണ്ടായിരുന്നുവെന്ന ചരിത്രം അംഗീകരിച്ചുകൊണ്ടാണു കോടതി വിധി പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ അവിടെ പന്തല്‍ മാത്രമേ ഉള്ളു. ഇത് മാത്രം മനസ്സിലാക്കി പള്ളിയുണ്ടായിരുന്നില്ലെന്ന ചരിത്രം ആരും പറയുകയോ പഠിപ്പിക്കുകയോ ചെയ്യരുത്. ചരിത്രം എല്ലാ കാലത്തും ചരിത്രമായി, സത്യസന്ധമായി നിലനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക വൈജ്ഞാനിക, പ്രബോധന മേഖലയില്‍ നാലരപ്പതിറ്റാണ്ടായി തുടരുന്ന സേവനങ്ങള്‍ക്കുള്ള അംഗീകാരമായി സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാരെ ചടങ്ങില്‍ ആദരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ്് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബൂഹനീഫല്‍ ഫൈസി തെന്നല, പൊന്‍മള മൊയ്തീന്‍കുട്ടി ബാഖവി സംസാരിച്ചു.
Next Story

RELATED STORIES

Share it