ചന്ദ്രബോസ് വധക്കേസ്; പ്രതിഭാഗം സാക്ഷിപ്പട്ടികയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ മാധ്യമപ്രവര്‍ത്തകരും ഒന്നാം സാക്ഷി അനൂപും ഡോക്ടര്‍മാരും ഉള്‍പ്പെടെ 25 പേരെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച സാക്ഷിപ്പട്ടികയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. മാധ്യമ പ്രതിനിധികളെ വിസ്തരിക്കാന്‍ അനുവാദം നല്‍കിയാല്‍ സമാന്തര മാധ്യമവിചാരണ നടക്കുന്നുവെന്ന ആരോപണത്തിനു സാധൂകരണമാവുമെന്നും മാധ്യമവിചാരണ നടക്കുന്നുവെന്നു വരുത്തിത്തീര്‍ക്കാനാണ് മാധ്യമ പ്രതിനിധികളെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, പ്രതിഭാഗം സാക്ഷിപ്പട്ടിക അംഗീകരിക്കുന്നതു സംബന്ധിച്ച് തിങ്കളാഴ്ച കോടതി തീര്‍പ്പു കല്‍പിക്കും. സാക്ഷിപ്പട്ടികയില്‍ വെള്ളിയാഴ്ച വിചാരണക്കോടതിയായ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വാദം നടന്നിരുന്നു. പ്രതിഭാഗം സമര്‍പ്പിച്ച സാക്ഷിപ്പട്ടികയിലുള്ള ഏഴുപേരെ വിസ്തരിക്കാനാണ് പ്രോസിക്യൂഷന്‍ അനുകൂല നിലപാടെടുത്ത്. തുറന്ന കോടതിയിലാണ് നടപടിക്രമങ്ങള്‍ നടക്കുന്നത്. ഹമ്മര്‍ കാറിന്റെ ടയര്‍ പരിശോധിക്കാനുള്ള വിദഗ്ധനായി ഉള്‍പ്പെടുത്തിയ 13ാം സാക്ഷി ടയര്‍ ഡീലറാണെന്നും വിശദാംശങ്ങള്‍ നല്‍കാന്‍ ഇയാള്‍ പ്രാപ്തനല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ബൈപോളാര്‍ രോഗത്തിന് നിസാമിനെ ചികില്‍സിച്ചിരുന്നതായി അവകാശപ്പെട്ട് പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ ഡോ. സെയ്ത് മുഹമ്മദിനെ സാക്ഷിയാക്കിയതിലും പ്രോസിക്യൂഷന്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. രോഗം സംബന്ധിച്ച് രേഖകളോ ചികില്‍സയുടെ വിശദാംശങ്ങളോ മുമ്പൊരിക്കലും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നിരിക്കെ ഈ ആവശ്യം അനുവദിക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it