palakkad local

ചടയന്‍പാറ ജലപദ്ധതി പ്രവര്‍ത്തനക്ഷമമായില്ല

പട്ടാമ്പി: വിളയൂര്‍ പഞ്ചായത്തിലെ ചടയന്‍പാറ ജലസേചന പദ്ധതി എവിടെയും എത്താതെ ഇപ്പോഴും പാതിവഴിയില്‍. മൂന്ന് പഞ്ചായത്ത് പ്രദേശങ്ങളിലായി 400 ഏക്കറോളം നെല്‍കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കാന്‍ 22വര്‍ഷം മുമ്പ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിയാണിത്. വിളയൂര്‍ പഞ്ചായത്തിന് പുറമെ കൊപ്പം, കുലുക്കല്ലൂര്‍ പഞ്ചായത്തുകള്‍ക്ക് അനുയോജ്യമായ തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. വിളയൂര്‍ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളില്‍ ചിറക്കല്‍ എന്ന സ്ഥലത്താണ് ചടയന്‍പാറ ചെറുകിട ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്നത്. തൂതപ്പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് ഉപയോഗിക്കത്തക്ക നിലയിലാണ് നിര്‍മാണം തുടങ്ങിയത്. 1995ല്‍ 13 ലക്ഷത്തോളം രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ ചെലവഴിച്ചത്. 35 കുതിരശക്തി വീതമുള്ള രണ്ട് മോട്ടോര്‍ പമ്പ് സെറ്റുകളും കെട്ടിടവും വൈദ്യുതി ബന്ധവും 200 മീറ്ററോളം കനാലും  ഒരുക്കി. വിളയൂര്‍ പഞ്ചായത്തിലെ 115 ഏക്കര്‍ നെല്‍കൃഷിക്ക് ജലലഭ്യത ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ആദ്യമായി പദ്ധതി തുടങ്ങാന്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ്  ഉദ്ദേശിച്ചത്. എങ്കിലും മറ്റ് പഞ്ചായത്തുകളിലെ വെള്ളമില്ലാതെ വരള്‍ച്ച നേരിടുന്ന പാടശേഖരങ്ങള്‍ക്ക് കൂടി ജലം വിതരണം നടത്തണമെന്ന നിര്‍ദേശം കൂടി വന്നതോടെ പദ്ധതി പ്രവര്‍ത്തനം ഇടക്ക് വച്ച് നിലയ്ക്കുകയായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി യാതൊരു പ്രവര്‍ത്തനവും നടത്താതെ പദ്ധതിയാകെ അവതാളത്തിലായിരിക്കയാണ്. അതോടെ വിളയൂരിലും പരിസര പ്രദേശങ്ങളിലുമുളള പല കര്‍ഷകരും നെല്‍കൃഷിയില്‍ നിന്നും പിന്‍തിരിഞ്ഞിരുന്നു. ഇവരെ നെല്‍കൃഷിയിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തിന്റെയും കര്‍ഷക കൂട്ടായ്മയൂടേയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തത് നടപ്പാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ചടയന്‍പാറ പദ്ധതി വീണ്ടും സജീവ ചര്‍ച്ചാവിഷയമാവുന്നത്. കാലതാമസം കൂടാതെ പദ്ധതി നടപ്പാക്കിയാല്‍ അന്യംനിന്നു പോയേക്കാവുന്ന നൂറ് കണക്കിന് ഏക്കര്‍ കൃഷിഭൂമിയി ല്‍ വീണ്ടും നെല്‍കൃഷി പുനരാരംഭിക്കാന്‍ സാധിക്കും.
Next Story

RELATED STORIES

Share it