Kottayam Local

ചങ്ങനാശ്ശേരിയിലെ മാലിന്യ പ്രശ്‌നം : സര്‍വകക്ഷിയോഗം തനിയാവര്‍ത്തനമായി



ചങ്ങനാശ്ശേരി: നഗരത്തിലെ മാലിന്യ പ്രശ്‌നത്തിനു പരിഹാരം കാണുക എന്ന ലക്ഷ്യവുമായി നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം മുന്‍കാലങ്ങളില്‍ നടന്ന യോഗങ്ങളുടെ തനിയാവര്‍ത്തനമായി. ഒരുമാസം മുമ്പ് ഇതേ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗതീരുമാനങ്ങളില്‍ ഒന്നുപോലും നടപ്പാക്കാനാവാതെ അതേ തീരുമാനങ്ങള്‍ വീണ്ടുമെടുത്തു പിരിയുകമാത്രമാണ് കഴിഞ്ഞ ദിവസവും നടന്നത്. പൊതുജനങ്ങള്‍ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളില്‍ രണ്ടാഴ്ചയ്ക്കകം കാമറകള്‍ സ്ഥാപിക്കുമെന്ന് വീണ്ടും തീരുമാനം എടുത്തതൊഴിച്ചാല്‍ നേരത്തെ എടുത്ത ഈ തീരുമാനം ഇപ്പോഴും നിലനില്‍ക്കുകയാണ്. നഗരത്തിലെ ഏഴു കേന്ദ്രങ്ങളില്‍ കൂടി എയറോബിക് ബിന്നുകള്‍ സ്ഥാപിക്കാനും വീണ്ടും തീരുമാനം എടുത്തപ്പോള്‍ ആ തീരുമാനവും മുമ്പും എടുത്തുതും നടപ്പാക്കാത്തതുമാണ്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി അവര്‍ക്കു പിഴ ഈടാക്കുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. അതിനായി പ്രത്യേക സ്‌ക്വാഡിനെ തന്നെ രംഗത്തിറക്കും. എന്നാല്‍ മാലിന്യം കെട്ടിക്കടിക്കുന്ന ഫാത്തിമാപുരത്തെ ഡംപിങ് സ്‌റ്റേഷനില്‍ നിര്‍ത്തിവച്ച മാലിന്യ നിക്ഷേപം വീണ്ടും ആരംഭിക്കും. അതിനായി യാഡിന്റെ കവാടത്തിലും മറ്റും കിടക്കുന്ന മാലിന്യം അടിയന്തരമായി നീക്കം ചെയ്യും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി നഗരത്തിലെ മാലിന്യപ്രശ്‌നത്തിനു പരിഹാരംതേടി ഒട്ടേറെ പദ്ധതികള്‍ ആരംഭിക്കുകയും എന്നാല്‍ അവയൊന്നും വേണ്ടവിധം നടപ്പാക്കാനാവാതെ വന്നതോടെ നഗരം വീണ്ടും മാലിന്യത്താല്‍ വീര്‍പ്പു മുട്ടുകയായിരുന്നു.
Next Story

RELATED STORIES

Share it