Flash News

ഗൗരി ലങ്കേഷ് വധം: തന്റെ വിശ്വാസത്തിനു വേണ്ടിയെന്ന് പ്രതി

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പരശുറാം വാഗ്മര്‍ കുറ്റം സമ്മതിച്ചതായി പ്രത്യേക അന്വേഷണസംഘം അറിയിച്ചു. കൊലപാതകം നടത്തിയത് സ്വന്തം മതത്തെ സംരക്ഷിക്കാനായിരുന്നെന്നും ഗൗരി ലങ്കേഷിനെ കൊല്ലരുതായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഇയാള്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെത്തി നാലു തവണ അവര്‍ക്കെതിരേ നിറയൊഴിക്കുംവരെ ആരെയാണ് കൊല്ലാന്‍ പോവുന്നതെന്ന് അറിയില്ലായിരുന്നെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. മതത്തെ സംരക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് 2017 മെയിലാണ് പരശുറാമിനു നിര്‍ദേശം ലഭിച്ചത്. കൊലപാതകത്തിനു മുമ്പ് ബെലഗവിയില്‍ നിന്ന് എയര്‍ഗണ്‍ ഉപയോഗിക്കാന്‍ ഇയാള്‍ക്കു പരിശീലനം ലഭിച്ചിരുന്നു. കൃത്യത്തിനായി സപ്തംബര്‍ 3ന് ബംഗളൂരുവിലെത്തിയിരുന്നെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൃത്യത്തിനായി പരശുറാമിന് മൂന്നുപേരുടെ സഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍, പല സമയങ്ങളിലായാണ് ഇവര്‍ ഇയാളെ ബന്ധപ്പെട്ടത്. അതിനാല്‍ തന്നെ ആളുകളെ അറിയില്ലെന്ന നിലപാടിലാണു പ്രതിയെന്ന് പോലിസ് പറയുന്നു. പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ചയാണ് കര്‍ണാടകയിലെ വിജയപുരയില്‍ നിന്നു പരശുറാമിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പറയുന്നത് മുഴുവനായും പോലിസ് വിശ്വസിച്ചിട്ടില്ലെങ്കിലും ഗൗരിയെ കൊല്ലാന്‍ ഇയാളെ സഹായിച്ച മൂന്നുപേര്‍ക്കുള്ള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. പരശുറാമിനെ ബംഗളൂരുവില്‍ എത്തിച്ച ആള്‍, രണ്ടു ബൈക്കുകാര്‍ എന്നിവര്‍ക്കു വേണ്ടിയാണ് അന്വേഷണം നടത്തുന്നത്. അതേസമയം അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്ന് ഗൗരിയുടെ കുടുംബം അറിയിച്ചിട്ടുണ്ട്. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും തങ്ങള്‍ക്കു നീതി കിട്ടുമെന്ന പ്രതീക്ഷയുണ്ടെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കേസില്‍ പരശുറാമിന്റെ അറസ്റ്റ് നടന്നതിനു പിന്നാലെയായിരുന്നു ഇവരുടെ പ്രതികരണം. കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കുടുംബം നന്ദി അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it