ഗ്വണ്ടാനമോ അടച്ചുപൂട്ടല്‍: റിപോര്‍ട്ട് ഉടന്‍ പരസ്യപ്പെടുത്തും

വാഷിങ്ടണ്‍: ക്യൂബയിലെ ഗ്വണ്ടാനമോയിലുള്ള കുപ്രസിദ്ധ അമേരിക്കന്‍ തടവറ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് യുഎസ് പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ പരസ്യപ്പെടുത്തുന്നു. തടവുകാരെ അമേരിക്കന്‍ ജയിലുകളിലേക്ക് മാറ്റുന്നതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണിത്. ഗ്വണ്ടാനമോ തടവുകാരെ പാര്‍പ്പിക്കാന്‍ സാധ്യമായ അമേരിക്കയിലെ ജയിലുകളെ സംബന്ധിച്ചു പഠിക്കാന്‍ പെന്റഗണ്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
2001ല്‍ ലോകവ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിനു ശേഷം അമേരിക്ക ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു പിടികൂടിയവരെ പാര്‍പ്പിക്കാന്‍ തൊട്ടടുത്ത വര്‍ഷമാണ് ക്യൂബയിലെ യുഎസ് നാവികതാവളത്തില്‍ തടവറ ഒരുക്കിയത്. ഇവിടെ നടക്കുന്ന പീഡനമുറകളെ സംബന്ധിച്ചു കടുത്ത വിമര്‍ശനമുയര്‍ന്നപ്പോള്‍ താവളം അടച്ചുപൂട്ടുമെന്ന് 2009ല്‍ പ്രസിഡന്റ് ബറാക് ഒബാമ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വാഗ്ദാനം നല്‍കിയിരുന്നു.
തടവറ അടച്ചുപൂട്ടിയാല്‍ തടവുകാരെ അമേരിക്കയിലെ ജയിലുകളിലേക്കു മാറ്റാമെന്നാണ് അധികൃതരുടെ തീരുമാനം. എന്നാല്‍, ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുകയാണ്. തടവുകാരെ അമേരിക്കന്‍ ജയിലുകളിലേക്കു മാറ്റുന്നതിനുള്ള നിരോധനം നീട്ടിക്കൊണ്ട് കോണ്‍ഗ്രസ് ചൊവ്വാഴ്ച ബില്ല് പാസാക്കി.
തുടക്കത്തില്‍ 780 തടവുകാരുണ്ടായിരുന്ന ഗ്വണ്ടാനമോ ജയിലില്‍ ഇപ്പോള്‍ 112 പേരാണുള്ളത്. 53 പേരെ വിവിധ രാജ്യങ്ങളില്‍ കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ കൂടുതലും യമനികളാണ്.
അവിടെ ആഭ്യന്തരയുദ്ധം നടക്കുന്നതിനാലാണ് കൈമാറ്റം വൈകുന്നത്. ബാക്കിയുള്ളവരെയാണ് അമേരിക്കന്‍ ജയിലുകളിലേക്കു മാറ്റുക. വിചാരണ കൂടാതെ ഗ്വണ്ടാനമോ ജയിലിലുള്ളവരെ തുറുങ്കിലടച്ചതിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it