kasaragod local

ഗ്രൂപ്പ് പോര് : പുല്ലൂര്‍ -പെരിയ സര്‍വീസ് സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ്സിന് നഷ്ടമാവും



കാഞ്ഞങ്ങാട്: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്, കോണ്‍ഗ്രസിന്റെ കൈവശമുള്ള ഒരു ബാങ്കിന്റെ ഭരണകൂടി നഷ്ടപ്പെടാന്‍ സാധ്യത. പുല്ലൂര്‍-പെരിയ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടാന്‍ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബാങ്ക് പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടിട്ടുണ്ട്. ബാങ്കില്‍ 2012-13 വര്‍ഷങ്ങളില്‍ നടത്തിയ നിയമനം, ബാങ്ക് സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍, തിരിച്ചെടുക്കല്‍, മിനുട്‌സ് ബുക്കിലെ കൃത്രിമം എന്നീ കാര്യങ്ങള്‍ സംബന്ധിച്ചാണ് പരിശോധന നടത്തുക. ഡിസിസി സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍വീടിന്റെ നേതൃത്വത്തിലുള്ള വിഭാഗം നിലവിലുള്ള ഭരണസമിതിക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍. അന്വേഷണത്തിനായി ഹൊസ്ദുര്‍ഗ് അസി. രജിസ്ട്രാര്‍ ജനറല്‍ ഓഫിസിലെ ഉദുമ യൂനിറ്റ് സ്‌പെഷ്യല്‍ ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ കെ രാജഗോപാലന് ചുമതല നല്‍കിയിട്ടുണ്ട്. ഒരുമാസത്തിനകം വിശദമായ റിപോര്‍ട്ട് നല്‍കാനാണ് ഹൊസ്ദുര്‍ഗ് അസി. ജോയിന്റ് രജിസ്ട്രാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് വര്‍ഷങ്ങളായി ബാങ്ക് ഭരണസമിതി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ഐ ഗ്രൂപ്പിലെ പ്രമുഖനും ഡിസിസി സെക്രട്ടറിയുമായ വിനോദ് കുമാര്‍ പള്ളയില്‍വീടാണ് പ്രസിഡന്റായത്. ഏകാധിപത്യ ഭരണം നടത്തുന്നുവെന്നാരോപിച്ച് എ ഗ്രൂപ്പ് ഡയറക്ടര്‍മാര്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. 11 അംഗ ഭരണസമിതിയില്‍ ഏഴ് പേരും വിനോദിനെതിരെയായിരുന്നു. വിമത വിഭാഗത്തില്‍ നിന്നും പ്രസിഡന്റായ എ തമ്പാന്‍നായര്‍ ബാങ്ക് സെക്രട്ടറി ചന്ദ്രനെ സസ്‌പെന്റ് ചെയ്തതോടെയാണ് വിവാദം കൂടുതല്‍ രൂക്ഷമായത്. ഡിസിസി നേതൃത്വം ഇടപെട്ട് ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ബാങ്ക് മിനുട്‌സ് ബുക്ക് ഇദ്ദേഹത്തെ ഏല്‍പ്പിക്കാതെ ബാങ്ക് ഭരണം നടത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സിപിഎം കേന്ദ്രത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബാങ്കിന്റെ ഭരണം നേതാക്കളുടെ ഗ്രൂപ്പ് പോര് കൊണ്ട് നഷ്ടപ്പെടുന്നത് പ്രവര്‍ത്തകര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്.
Next Story

RELATED STORIES

Share it