Flash News

ഗ്രാമത്തിലെ ഭൂരിപക്ഷത്തിനും ആധാറില്‍ ഒരേ ജനന തിയ്യതി



ഡെറാഡൂണ്‍: രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ആധാര്‍ കാര്‍ഡിലെ പിഴവുകളുടെ കൂട്ടത്തില്‍ പുതിയ ഒന്നുകൂടി. ഒരു ഗ്രാമത്തിലെ ഭൂരിപക്ഷം പേര്‍ക്കും ഒരേ ജനന തിയ്യതി നല്‍കിയാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കൗതുകം സൃഷ്ടിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് ഗൈന്ദി ഖാട്ട ഗ്രാമത്തിലെ വാന്‍ ഗുജ്ജാറുകളില്‍പ്പെട്ട 800 കുടുംബങ്ങളില്‍ ഭൂരിഭാഗത്തിനും ജനുവരി ഒന്നാണ് ജനന തിയ്യതിയെന്ന് ഗ്രാമവാസിയായ മുഹമ്മദ് ഖാന്‍ പറഞ്ഞു. അയല്‍വാസിയായ അലാഫ്ദീന്റെ കാര്‍ഡില്‍ ജനുവരി 1 ജനന തിയ്യതി കണ്ടപ്പോഴാണ് കൗതുകം തോന്നി മറ്റു കാര്‍ഡുകള്‍ പരിശോധിച്ചത്. അപ്പോള്‍ ഗ്രാമത്തിലെ ഭൂരിഭാഗം പേര്‍ക്കും ഇതേ ജനന തിയ്യതിയാണെന്ന് കണ്ടെത്തുകയായിരുന്നു. ആഗസ്തില്‍ ആഗ്രയിലെ മൂന്നു ഗ്രാമങ്ങളിലും സമാനമായ സംഭവം റിപോര്‍ട്ട് ചെയ്തിരുന്നു. അമ്മൂമ്മയുടെ പ്രായം 22ഉം മക്കളുടെ പ്രായം 15നും 60നും മധ്യേയുമുള്ള നിരവധി കാര്‍ഡുകളും ഗ്രാമവാസികള്‍ക്കു കിട്ടിയിട്ടുണ്ട്. അതേസമയം, എല്ലാ കാര്‍ഡിലും ജനുവരി 1 ജനന തിയ്യതിയായി വന്നത് അബദ്ധമല്ലെന്നാണ് യുഐഡിഎഐയുടെ വാദം. കൃത്യമായ ജനന തിയ്യതി നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ഇങ്ങനെ ചെയ്യാറുണ്ടെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. യുഐഡിഎഐയുടെ ചട്ടപ്രകാരം മൂന്നു തരത്തിലാണ് ജനന തിയ്യതി രജിസ്റ്റര്‍ ചെയ്യുന്നത്. കൃത്യമായ ജനന തിയ്യതിയും അനുബന്ധ രേഖയും സമര്‍പ്പിക്കുക, അനുബന്ധ രേഖയില്ലാതെ കൃത്യമായ ജനന തിയ്യതി നല്‍കുക, പ്രായം മാത്രം വ്യക്തമാക്കുക എന്നീ രീതികളാണ് അവലംബിക്കുന്നത്. പ്രായം മാത്രം നല്‍കുന്നവരുടെ കാര്യത്തിലാണ് പ്രസ്തുത വര്‍ഷത്തെ ജനുവരി 1 ജനന തിയ്യതിയായി കംപ്യൂട്ടര്‍ സ്വയമേവ നല്‍കുന്നതത്രേ. എന്നാല്‍, തങ്ങള്‍ ജനന തിയ്യതി തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ നല്‍കിയിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it