wayanad local

ഗോത്ര വാല്‍സല്യനിധി പദ്ധതി മാര്‍ഗനിര്‍ദേശങ്ങളായി

മാനന്തവാടി: സംസ്ഥാനത്തെ പട്ടികവര്‍ഗ വിദ്യാര്‍ഥിനികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യംവച്ചുള്ള ഗോത്ര വാല്‍സല്യനിധി പദ്ധതിയുടെ രൂപരേഖയ്ക്ക് അംഗീകാരമായി. പെണ്‍കുട്ടികളുടെ ജനനം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തിയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. പെണ്‍കുട്ടി 10ാം ക്ലാസ് കഴിയുമ്പോഴോ 18 വയസ്സ് പിന്നിടുമ്പോഴോ ഒന്നര ലക്ഷത്തോളം രൂപ ഇന്‍ഷുറന്‍സ് വഴി ലഭ്യമാവുന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. 2017-18 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കുന്നതിനായി എല്‍ഐസി ഓഫ് ഇന്ത്യയെ ഏജന്‍സിയായി കണ്ടെത്തി ഇതിനോടകം പട്ടികവര്‍ഗ വകുപ്പ് കരാര്‍ ഒപ്പുവച്ചിരുന്നു. പദ്ധതിക്കായി വകുപ്പ് സമര്‍പ്പിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതുപ്രകാരം 2017 ഏപ്രില്‍ ഒന്നുമുതല്‍ ജനിച്ച മുഴുവന്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹത ലഭിക്കും. പെണ്‍കുട്ടിക്ക് രണ്ടു വയസ്സ് പൂര്‍ത്തിയായി ആവശ്യമായ പ്രതിരോധ കുത്തിവയ്പുകള്‍ നടത്തിയതിന്റെ രേഖകള്‍ നല്‍കിയാല്‍ 2,000 രൂപയും അങ്കണവാടിയിലോ സ്‌കൂളിലോ പ്രവേശിപ്പിക്കുമ്പോള്‍ 3,000 രൂപയും രക്ഷിതാക്കള്‍ക്ക് ലഭ്യമാവും. പെണ്‍കുട്ടിക്ക് 10 വയസ്സ് പൂര്‍ത്തിയായാല്‍ 5,000 രൂപയും 15 വയസ്സ് പൂര്‍ത്തിയാവുകയോ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കുകയോ ചെയ്താല്‍ 10,000 രൂപയും രക്ഷിതാക്കള്‍ക്ക് ലഭിക്കും. പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ ഇന്‍ഷുറന്‍സ് തുക മുഴുവന്‍ ലഭ്യമാവുന്ന വിധത്തിലാണ് പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിനായി പട്ടികവര്‍ഗ വകുപ്പ് നാലു ഘട്ടങ്ങളിലായി ഒരു പെണ്‍കുട്ടിയുടെ പേരില്‍ 1,38,000 രൂപയാണ് എല്‍ഐസിയില്‍ നിക്ഷേപിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടാല്‍ പെണ്‍കുട്ടിക്ക് പദ്ധതിയില്‍ അംഗമാവാന്‍ കഴിയും. പരമാവധി വാര്‍ഷിക വരുമാനം അഞ്ചുലക്ഷം രൂപയാണ്. പദ്ധതി നടപ്പാക്കുന്നതോടെ ജില്ലയില്‍ പട്ടികവര്‍ഗ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ ഗണ്യമായ പുരോഗതിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it