Idukki local

ഗോത്രക്ഷേമ സദസ്സ് അകലങ്ങളില്ലാതാക്കുന്ന വികസന സംസ്‌കാരം: എംപി



ചെറുതോണി: അഭിമാനം കൊണ്ട് എന്റെ കണ്ണു നിറയുന്നു. ഇതാദ്യമായാണ് ഞാന്‍ മൈക്കിലൂടെ ഇത്രയം പേര്‍ക്ക് മുന്നില്‍ സംസാരിക്കുന്നത്. ഇതുവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഞങ്ങള്‍ക്ക് ഭയമായിരുന്നു. കാക്കി കാണുമ്പോള്‍ പേടിച്ചുവിറയ്ക്കുന്ന അനുഭവം. ഇത് സ്വപ്‌നമാണോ? യാഥാര്‍ത്ഥ്യമാണോ? ഞങ്ങളുടെ മുന്നില്‍ ഇരിക്കുന്നത്. 23 ഡിപ്പാര്‍ട്ടുമെന്റുകളുടെ ജില്ലാ മേധാവികളോ? വിശ്വസിക്കാന്‍ കഴിയുന്നില്ല. കാഞ്ചിയാര്‍ പഞ്ചായത്തിലെ കോടാലിപ്പാറ ആദിവാസി കുടിയിലെ ഊരുമൂപ്പന്‍ ടി സി രവിയുടേതാണ് ഈ വാക്കുകള്‍. ഫോറസ്റ്റുകാരും പോലിസ് വകുപ്പും എക്‌സൈസും ഒന്നിച്ച് വന്നപ്പോള്‍ കാക്കിയോടുള്ള ഭയം കൂടിയെന്നും രവി പറഞ്ഞു. ഒരു പാര്‍ലമെന്റ് അംഗം ഞങ്ങളുടെ കുടിയില്‍ ആദ്യമായാണു വരുന്നത്. ഇത്രയും ജനപ്രതിനിധികളും ഇത്രയും ഉദ്യോഗസ്ഥരും ഒരുമിച്ചെത്തിയത് തങ്ങള്‍ക്ക് സന്തോഷമായെന്നും രവി പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ ഒന്നായി അക്കമിട്ട് നിരത്താന്‍ രവി തയ്യാറായി. കുടിയിലെ കുട്ടികളുടെ പഠനാവശ്യങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍, യൂനിഫോമുകള്‍. ഗ്രാന്റുകള്‍ അങ്ങനെ നീണ്ടു അമ്മമാരുടെ വേവലാതികള്‍. വീടു മെയിന്റന്‍സിനും പുതിയ വീടിനും പട്ടികവര്‍ഗ വകുപ്പ് കാലതാമസമില്ലാതെ പണം തരുന്നില്ലെന്നായിരുന്നു മുതിര്‍ന്നവരുടെ പരാതി. ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തമെന്നും ഒറ്റക്കെട്ടായി അവര്‍ ആവശ്യപ്പെട്ടു. ഭരണസംവിധാനവും ഗോത്രജനവിഭാഗം തമ്മിലുള്ള അകലങ്ങള്‍ കുറയ്ക്കുകയാണ് ഗോത്ര ക്ഷേമസദസ്സിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി ഊരുകൂട്ടത്തില്‍ പറഞ്ഞു. ഊരുകൂട്ട തീരുമാനങ്ങള്‍ നിയമാനുസൃതമായ രേഖയാണ്. അത് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആദിമ ജനതയും ഒരുമിച്ച് കൈകോര്‍ക്കുന്ന പുതിയ വികസന സംസ്‌കാരമാണ് ജികെഎസിലൂടെ രൂപപ്പെടുന്നതെന്ന് എംപി പറഞ്ഞു. ജനപ്രതിനിധി എന്ന നിലയില്‍ പരാതികള്‍ സ്വീകരിച്ച് മടങ്ങുകയല്ല. കുടിയില്‍ വച്ച് തന്നെ പരമാവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. ജില്ലയിലെ ഉദ്യോഗസ്ഥ സംവിധാനം അര്‍പ്പണ മനോഭാവത്തോടു കൂടിയാണ് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അവരുടെ പിന്തുണയും സഹകരണവും ആദിവാസി ജനതയുടെ ജീവിതത്തില്‍ വിപ്ലവകരമായ മുന്നേറ്റം സൃഷ്ടിക്കുമെന്നും എംപി പറഞ്ഞു. കോവില്‍മല രാജാവ് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അനുഭാവ പൂര്‍വം പരിഗണിക്കുമെന്നും സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും എംപി ചൂണ്ടിക്കാണിച്ചു. കാഞ്ചിയാര്‍ പഞ്ചായത്തിലെ കോടാലിപ്പാറയിലും കോഴിമലയിലും അഞ്ചുരുളിയിലും ആദിവാസി ജനത കൂട്ടത്തോടെ സദസ്സില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു. ഏഴു കിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാണ് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും അഞ്ചുരുളി കുടിയിലെത്തിയത്.
Next Story

RELATED STORIES

Share it