kozhikode local

ഗെയില്‍ വാതക പൈപ്പ് ലൈന്‍ : വന്‍ പോലിസ് സന്നാഹത്തോടെ പ്രവൃത്തി പുനരാരംഭിച്ചു



മുക്കം: ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന്കഴിഞ്ഞ രണ്ട് ദിവസമായി നിര്‍ത്തിവെച്ചിരുന്ന നിര്‍ദിഷ്ട കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി പ്രവൃത്തി പുനരാരംഭിച്ചു. കോഴിക്കോട്-മലപ്പുറം ജില്ലാതിര്‍ത്തിയായ എരഞ്ഞിമാവിന് സമീപമാണ് ഇന്നലെ വന്‍ പോലീസ് സന്നാഹത്തോടെ പ്രവൃത്തി ആരംഭിച്ചത്. കൊടുവള്ളി സിഐ. എന്‍ബിശ്വാസ്, താമരശേരി സിഐ. അഗസ്റ്റില്‍ എന്നിവരുടെ നേതൃത്വത്തില്‍ 120 ഓളം വരുന്ന പോലീസുകാരാണ് ഗെയില്‍ അധികൃതര്‍ക്ക് സംരക്ഷണം നല്‍കാനെത്തിയത്. അതിനിടെ പ്രവൃത്തിക്കായി പദ്ധതി പ്രദേശത്ത് എത്തിച്ച എസ്‌കവേറ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് ഏറെ വൈകിയാണ് പ്രവൃത്തി തുടങ്ങിയത്. മറ്റൊരു എസ്‌കവേറ്റര്‍  സ്ഥലത്ത് എത്തിക്കുകയായിരുന്നു. സമരസമിതിയുടെ സമരപന്തലില്‍ സ്ഥാപിച്ച ഗെയില്‍ വിരുദ്ധ ഫ്‌ലക്‌സ് ബോര്‍ഡും പൊലീസ് എടുത്തു മാറ്റി. ഇന്നലെ രാവിലെ ഏതാനും സമരക്കാരും സമരസമിതി നേതാക്കളും സ്ഥലത്തെത്തിയിരുന്നുവെങ്കിലും വലിയ പോലീസ് സംഘത്തെ കണ്ടതോടെ പിന്‍വാങ്ങുകയായിരുന്നു. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനാവശ്യമായ പ്രവൃത്തിക്കളും മുറിച്ച് മാറ്റുന്ന മരങ്ങള്‍ക്ക് നമ്പറിടുന്ന പ്രവൃത്തിയുമാണ് ഇന്നലെ നടന്നത്. മുമ്പ് സര്‍വേ നടത്തിയത് പോലെ  സമരക്കാരെ ദിനംപ്രതി  കുറച്ച് കൊണ്ട്‌വന്ന് പ്രവൃത്തി നടത്താമെന്ന തന്ത്രമാണ് ഗെയില്‍ അധികൃതര്‍ പയറ്റുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇരകളേയും വിവിധ സംഘടനകളേയും ഉള്‍പ്പെടുത്തി ശക്തമായ പ്രക്ഷോഭത്തിനുള്ള നീക്കവും സജീവമാണ്.
Next Story

RELATED STORIES

Share it