Flash News

ഗെയില്‍ വാതക പൈപ്പ്‌ലൈനിന് എതിരായ സമരം തുടരും



മുക്കം: ജനവാസമേഖലയില്‍ നിന്ന് വാതക പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, മലപ്പുറം ജില്ലാ സംയുക്ത സമരസമിതി നടത്തിവരുന്ന സമരം തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇന്നലെ എരഞ്ഞിമാവില്‍ ചേര്‍ന്ന യോഗത്തിലാണ് സമരം ശക്തമായി തന്നെ തുടരാന്‍ തീരുമാനമായത്. സമരത്തിന്റെ ഭാഗമായി ശനിയാഴ്ച കോഴിക്കോട്ട് സംസ്ഥാനത്താകമാനമുള്ള ഇരകളുടെയും സമരസമിതി പ്രവര്‍ത്തകരുടെയും കണ്‍വന്‍ഷന്‍ നടക്കും. 16ന് എരഞ്ഞിമാവില്‍ വി എം സുധീരന്‍, എം ഐ ഷാനവാസ് എംപി ഉള്‍പ്പെടെയുള്ളവര്‍ എത്തിച്ചേരുമെന്നും സമാധാനപരമായി സമരം നടത്തുന്നതിന് സമരപ്പന്തല്‍ വീണ്ടും ഉയരുമെന്നും യോഗ തീരുമാനം വിശദീകരിച്ച് രക്ഷാധികാരി സി പി ചെറിയ മുഹമ്മദ്, ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ എന്നിവര്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ ആനുകൂല്യങ്ങള്‍ സ്വാഗതാര്‍ഹമാണെങ്കിലും സമരസമിതിയുടെ പ്രധാന ആവശ്യങ്ങള്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. പ്രവൃത്തി നടത്തുന്നതിനായി ഭൂമിക്കടിയില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന പൈപ്പുകള്‍ കാലപ്പഴക്കമുള്ളതാണ്. ഇതിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി വിദഗ്ധ സമിതി സ്ഥലം സന്ദര്‍ശിക്കണമെന്നും പോലിസിന്റെ നരനായാട്ട് അന്വേഷിക്കുന്നതിനായി നിയമസഭാ സമിതി എരഞ്ഞിമാവ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ജനങ്ങളെ വഞ്ചിക്കലാണ്. ആധാരവിലയുടെ 10 ഇരട്ടി എന്നതു മാറ്റി വിപണിവിലയുടെ നാലിരട്ടിയെങ്കിലും നല്‍കാന്‍ തയ്യാറാവണം. ഒട്ടേറെ നിരപരാധികള്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഇവരെ വിട്ടയക്കാന്‍ നടപടി വേണമെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it