ernakulam local

ഗെയില്‍ പ്രകൃതി വാതക വിതരണത്തിനായി റോഡുകള്‍ വെട്ടിപൊളിക്കുന്നത് തുടരുന്നു

കളമശ്ശേരി: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നഗരസഭ നോട്ടിസ് നല്‍കിയിട്ടും അതൊന്നും വകവയ്ക്കാതെ പ്രകൃതി വാതക വിതരണത്തിനായി നഗരസഭയിലെ റോഡുകള്‍ വെട്ടിപൊളിക്കുന്നത് തുടരുന്നു.
ഞായറാഴ്ച നഗരസഭയുടെ 10-ാംവാര്‍ഡില്‍ പെരിങ്ങഴ കരയില്‍ പൈപ്പ് സ്ഥാപിക്കുന്നതിന് റോഡ് കുഴിച്ചതിനെ തുടര്‍ന്ന് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാവുകയും കുടിവെള്ള വിതരണം തടസ്സപ്പെടുകയും ചെയ്തിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് കുടിവെള്ള പൈപ്പ് പുനസ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായത്. ഗ്യാസ് പൈപ്പിനായി റോഡ് കുഴിച്ചതോടെ വലിയ വാഹനങ്ങള്‍ക്ക് ഇതിലുടെ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഒക്ടോബര്‍ 29ന് കുടിയ നഗരസഭ കൗണ്‍സില്‍ യോഗം ഗെയിലിന്റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നഗരസഭ പരിധിയില്‍ നിര്‍ത്തിവെക്കാന്‍ തിരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് നഗരസഭ സെക്രട്ടറി ഗെയില്‍ അധികൃതര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവക്കാന്‍ ആവശ്യപ്പെട്ട് നോട്ടിസും നല്‍കിയിരുന്നു.
എന്നാല്‍ കൗണ്‍സില്‍ തിരുമാനം മുഖവിലക്ക് എടുക്കാതെയാണ് ഗെയില്‍ അധികൃതര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. ഇതിനിടയില്‍ ചില വാര്‍ഡുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെതിരേ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നഗരസഭ എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ എത്തി നിര്‍മ്മാണം നിര്‍ത്തിവപ്പിക്കുകയായിരുന്നു. 2015ല്‍ ആണ് ദക്ഷിണ ഇന്ത്യയില്‍ ആദ്യമായി വീടുകളില്‍ പ്രകൃതി വാതകം എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
കളമശ്ശേരി നഗരസഭയിലെ 14, 20, വാര്‍ഡുകളിലാണ് ആദ്യമായി പൈപ്പ് സ്ഥാപിക്കുന്ന ജോലി ആരംഭിച്ചത്. എന്നാല്‍ അന്ന് പൈപ്പിനായി വെട്ടിപൊളിച്ച റോഡുകള്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ടാര്‍ ചെയ്ത് പൂര്‍വ്വസ്ഥിതിയില്‍ ആക്കാന്‍ കഴിയാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൗണ്‍സില്‍ യോഗം ഗെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it