Flash News

ഗെയില്‍ : നഷ്ടപരിഹാരം ഇരട്ടിയാക്കി



തിരുവനന്തപുരം: ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ ഇടാനുള്ള അവകാശം കമ്പനിക്ക് നല്‍കുന്ന ഭൂവുടമകള്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതുക്കിയ ന്യായവിലയുടെ 10 മടങ്ങായി വിപണിവില നിജപ്പെടുത്തിയാവും നഷ്ടപരിഹാരം നിശ്ചയിക്കുക. മന്ത്രി എ സി മൊയ്തീനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഗെയില്‍ ജനറല്‍ മാനേജര്‍ ടോണി മാത്യുവും യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ വിപണിവില പുതുക്കിയ ന്യായവിലയുടെ അഞ്ചു മടങ്ങായിരുന്നു. ഇതാണ് 10 മടങ്ങായി വര്‍ധിപ്പിച്ചത്. മൊത്തം 116 കോടിയുടെ വര്‍ധനയാണ് ഭൂമിയുടെ നഷ്ടപരിഹാരത്തില്‍ ഇതുമൂലം ഉണ്ടായിരിക്കുന്നത്. 2012ല്‍ പദ്ധതി ആരംഭിച്ചതു മുതല്‍ ഇത് ബാധകമാക്കാനും തീരുമാനമായി. പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവരുടെ സ്ഥലത്ത് പൈപ്പിടാന്‍ ഉപയോഗിക്കുന്ന സ്ഥലം രണ്ടു മീറ്ററാക്കി ചുരുക്കും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള വീടുകള്‍ സംരക്ഷിക്കും. വീടുകള്‍ ഇല്ലാത്തിടത്ത് ഭാവിയില്‍ വീട് വെക്കത്തക്ക രീതിയില്‍ അലൈന്‍മെന്റ് ഒരു സൈഡിലൂടെ രണ്ടു മീറ്റര്‍ വീതിയില്‍ മാത്രം സ്ഥലം ഉപയോഗിക്കും. വീട് വെക്കാവുന്ന സ്ഥലം ബാക്കിയുള്ള സ്ഥലത്തില്‍ അടയാളപ്പെടുത്തി ഭാവിയില്‍ അനുമതിപത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന രേഖ ഭൂവുടമയ്ക്ക് നല്‍കും. പത്തു സെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക്  എക്‌സ്‌ഗ്രേഷ്യയായി (ആശ്വാസധനം) അഞ്ചു ലക്ഷം രൂപ നല്‍കാനും യോഗം തീരുമാനിച്ചു. നെല്ലിനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് കണ്ണൂരില്‍ നടപ്പാക്കിയ പാക്കേജ് (ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ) മറ്റെല്ലാ ജില്ലകളിലും നടപ്പാക്കും. നെല്‍വയലുകള്‍ക്ക് ഭൂമിയുടെ നഷ്ടപരിഹാരത്തിനു പുറമേ സെന്റിന് 3761 രൂപ നിരക്കില്‍ പ്രത്യേക നഷ്ടപരിഹാരവും നല്‍കും. അതേസമയം, തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പലതും സര്‍ക്കാര്‍ അംഗീകരിച്ചതായും വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഇന്നു യോഗം ചേരുമെന്നും ഗെയില്‍ സമരസമിതി പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it