Pravasi

ഗൃഹാതുരത്വമുണര്‍ത്തി റമദാന്‍ പീരങ്കി



ദോഹ: ആധുനികതയുടെ പളപളപ്പിനിടയിലും പാരമ്പര്യത്തെ നേഞ്ചോട് ചേര്‍ത്തുപിടിക്കുന്ന ഖത്തര്‍ നിവാസികള്‍ക്ക് റമദാനില്‍ ഗൃഹാതുരത്വം സമ്മാനിക്കുന്ന ശബ്ദമാണ് ഇഫ്താര്‍ പീരങ്കിയുടേത്. നാടും നഗരവും വികസിക്കുകയും നോമ്പ് തുറ സമയം അറിയിക്കാന്‍ മൊബൈല്‍ ബാങ്ക് ഉള്‍പ്പെടെ നിരവധി സംവിധാനങ്ങള്‍ ഒരുങ്ങുകയും ചെയ്‌തെങ്കിലും സന്ധ്യാസമയത്തെ പീരങ്കി വെടി ഇപ്പോഴും നിരവധി പേരെ ആകര്‍ഷിക്കുന്നു. ലൗഡ് സ്പീക്കറുകളും മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളും വരും മുമ്പ് നോമ്പ് തുറയും അത്താഴ വിരാമവും അറിയിച്ചിരുന്നത് പീരങ്കി വെടി ശബ്ദമായിരുന്നു. മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബ് ഗ്രാന്‍ഡ് മസ്്ജിദില്‍ സ്ഥാപിച്ചിട്ടുള്ള പീരങ്കിക്കു ചുറ്റും ഓരോ ഇഫ്താര്‍ സമയത്തും കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് ഒത്തുചേരുന്നത്. കുട്ടികള്‍ പീരങ്കിക്കു മുകളില്‍ കയറിയും മുതിര്‍ന്നവര്‍ സെല്‍ഫികള്‍ എടുത്തും സമയം ചെലവഴിക്കുന്നു. നോമ്പു തുറക്ക് ഇഫ്താര്‍ വെടിമുഴക്കുന്ന പാരമ്പര്യത്തിന് ഖത്തറിനോളം തന്നെ പഴക്കമുണ്ടെന്ന് സാംസ്‌കാരിക ഗവേഷകനായ സാലിഹ് ഗാരിബ് പറഞ്ഞു. അക്കാലത്ത് നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും പീരങ്കികള്‍ ഉണ്ടായിരുന്നു. നോമ്പു തുറക്കാനും അത്താഴ വിരാമത്തിനും ആളുകള്‍ പീരങ്കിയെയാണ് ആശ്രയിച്ചിരുന്നത്. ഇന്ന് ടിവി ചാനലുകളും ലൗഡ് സ്പീക്കറുകളും മറ്റു സംവിധാനങ്ങളും വന്നെങ്കിലും പൈതൃകവും സാംസ്‌കാരിക മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് അധികൃതര്‍ ഇന്നും അത് നിലനിര്‍ത്തിപ്പോരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീരങ്കികള്‍ ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.  സ്റ്റേറ്റ് മോസ്ഖിനു പുറമേ ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയ, കത്താറ എന്നിവിടങ്ങളിലും റമദാന്‍ പീരങ്കികളുണ്ട്. മിദ്ഫ അല്‍ ഇഫ്താര്‍ എന്നു വിളിക്കുന്ന പീരങ്കി കാണാന്‍ നിരവധി പേരാണ് കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. മിക്ക അറബ് നാടുകളിലും പരമ്പരാഗതമായി മഗ്‌രിബ് ബാങ്ക് സമയത്ത് പീരങ്കി ശബ്ദം മുഴക്കുന്ന രീതിയുണ്ട്. സൈനികരാണ് പീരങ്കിയില്‍ നിന്ന് വെടിയുതിര്‍ക്കുന്നത്. വെടി മുഴങ്ങിയ ഉടനെ മിക്കവരും നോമ്പു തുറക്കുന്നതിനായി തങ്ങളുടെ കാറുകളിലേക്ക് മടങ്ങുന്നു.
Next Story

RELATED STORIES

Share it