thrissur local

ഗുരുവായൂരില്‍ ശീവേലിക്കിടെ ആനയുടെ കുത്തേറ്റ് മരിച്ച രണ്ടാംപാപ്പാന് വിട

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്കിടെ ഇടഞ്ഞകൊമ്പന്‍ ശ്രീകൃഷ്ണന്റെ കുത്തേറ്റുമരിച്ച രണ്ടാംപാപ്പാന്‍ സുഭാഷിന് (34) സഹപ്രവര്‍ത്തകരും നാട്ടുകാരം യാത്രാമൊഴിയേകി. ഇന്നലെ രാവിലെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ 11.45 ഓടെ ആനകോട്ടയില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുള്‍ഖാദര്‍, ആനതൊഴിലാളി യൂനിയന്‍ സംസ്ഥാന സെക്രട്ടറി ബാബു എം പാലിശ്ശേരി, ദേവസ്വം ജീവനക്കാര്‍ക്കുവേണ്ടി ഭരണസമിതി അംഗം കെ കുഞ്ഞുണ്ണി, ദേവസ്വം കമ്മീഷണര്‍ക്കുവേണ്ടി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ എം ബി ഗിരീഷ് എന്നിവര്‍ പുഷ്പചക്രമര്‍പ്പിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രഫ. പി കെ ശാന്തകുമാരി, വൈസ്‌ചെയര്‍മാന്‍ കെ പി വിനോദ്, സിപിഎം ചാവക്കാട് ഏരിയാസെക്രട്ടറി എം കൃഷ്ണദാസ്, കുന്ദംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, കുന്ദംകുളം നഗരസഭ മുന്‍ ചെയര്‍മാന്‍ പി ജി ജയപ്രകാശ്, മാധ്യമപ്രവര്‍ത്തക ര്‍, നാട്ടുകാര്‍, ദേവസ്വം ജീവനക്കാര്‍ തുടങ്ങി നാനാതുറയിലുള്ളവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം വടക്കേകോതറയിലുള്ള വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌ക്കരിച്ചു. ഞായറാഴ്ച്ച രാവിലെയാണ് സുഭാഷിനെ ഇടഞ്ഞ കൊമ്പന്‍ ശ്രീകൃഷ്ണന്റെ കുത്തേറ്റത്. തൃശ്ശൂര്‍ അമലാ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായെങ്കിലും വൈകീട്ടോടെ സുഭാഷ് മരിക്കുകയായിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിലെ മുന്‍ പാപ്പാന്‍ കോതചിറ വെളുത്തേടത്ത് പരേതനായ രാമന്‍നായരുടെ മകനായ സുഭാഷ്, അവിവാഹിതനാണ്. അമ്മ: നാണിക്കുട്ടിയമ്മ. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ലത, വിജയശ്രി, രമണി, രതീഷ്. കഴിഞ്ഞ 10-വര്‍ഷമായി ഗുരുവായൂര്‍ ദേവസ്വത്തിലെ ആനക്കാരനായി ജോലിചെയ്യുന്ന സുഭാഷ് രണ്ടുകൊല്ലമായി ശ്രീകൃഷ്ണന്റെ രണ്ടാം പാപ്പാനാണ്.
Next Story

RELATED STORIES

Share it