malappuram local

ഗുണനിലവാര വിദ്യാഭ്യാസത്തിന് സര്‍വശിക്ഷാ അഭിയാന്‍ ; ജില്ലയില്‍ 83.59 കോടിയുടെ പദ്ധതി



മലപ്പുറം: പൊതുമേഖലാ വിദ്യാലയങ്ങള്‍ ഗുണനിലവാര പഠന കേന്ദ്രങ്ങളാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ജില്ലയില്‍ കാര്യക്ഷമമാക്കുകയാണ് സര്‍വശിക്ഷാ അഭിയാന്‍. ഇതിനായി 83.59 കോടിയുടെ പദ്ധതികളാണ് വിവിധ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നത്. മലപ്പുറം എസ്എസ്എയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ നാലു കോടിയിലധികമാണ് ലഭിച്ചത്. വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പഠന പദ്ധതികള്‍ നടപ്പാക്കുന്നതിനും ഈ തുക വിനിയോഗിക്കും. ക്ലാസ് മുറികളില്ലാത്ത സര്‍ക്കാര്‍ സ്‌കൂളുകളില്‍ 29 ക്ലാസ് മുറികള്‍ ഇത്തവണ എസ്എസ്എ നിര്‍മിക്കും. ഇതിനായി 2.46 കോടി വിനിയോഗിക്കും. കാരാട് ഗവ. എല്‍പി സ്‌കൂള്‍, കാട്ടിലങ്ങാടി ഗവ. എല്‍പി സ്‌കൂള്‍, മേല്‍കുളങ്ങര ഗവ. എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജീര്‍ണാവസ്ഥയിലായ കെട്ടിടങ്ങള്‍ 1.05 കോടി  ചെലവില്‍ പുതുക്കി പണിയും. വിവിധ വിദ്യാലയങ്ങളിലായി പെണ്‍കുട്ടികള്‍ക്കുള്ള 17 ശൗചാലയങ്ങളും ആണ്‍കുട്ടികള്‍ക്കുള്ള 40 ശൗചാലയങ്ങളും നിര്‍മിക്കുന്നതാണ് മറ്റൊരു പദ്ധതി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി മൂന്ന് പ്രത്യേക ശൗചാലയങ്ങളും ഈ അധ്യയന വര്‍ഷം നിര്‍മിക്കും. യു പി സ്‌കൂളുകളില്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം 435 കലാ-കായിക പ്രവൃത്തി പരിചയ അധ്യാപകരെ ജില്ലയില്‍ എസ്എസ്എ നിയമിക്കും. താല്‍പര്യമുള്ള എല്‍പി സ്‌കൂളുകള്‍ക്കും എയ്ഡഡ് സ്‌കൂളുകള്‍ക്കും ഈ അധ്യാപകരുടെ സേവനം ലഭ്യമാക്കാം. എല്‍പി, യുപി സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ പ്രധാനാധ്യാപകര്‍ക്ക് ക്ലാസ് ചാര്‍ജ് ഉണ്ടാകില്ല. ഇതിനു പകരം 145 അധ്യാപകരെ എസ്എസ്എ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും. കുട്ടികളുടെ പഠന നിലവാരം വര്‍ധിപ്പിക്കാന്‍ തയ്യാറാക്കിയ സവിശേഷ പദ്ധതികള്‍ നടപ്പാക്കുന്നതിന് 1.65 കോടി വിനിയോഗിക്കും. 25 ലക്ഷം രൂപ ചെലവില്‍ യുപി സ്‌കൂളുകളിലെ ശാസ്ത്ര ഗണിത ലാബുകള്‍ നവീകരിക്കും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിവിധ ഉപകരണങ്ങള്‍, പഠന സഹായ പ്രവര്‍ത്തനങ്ങള്‍ ചികില്‍സാ സഹായം എന്നിവക്ക് സംയോജിത വിദ്യാഭ്യാസ പദ്ധതിപ്രകാരം നാലു കോടിയുടെ സഹായം എസ്എസ്എ നല്‍കും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം, ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് 50 ലക്ഷം രൂപയും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 5,000 രൂപയും യുപി സ്‌കൂളുകള്‍ക്ക് 7,000 രൂപയും സ്‌കൂള്‍ ഗ്രാന്റായും നല്‍കും. സ്‌കൂളില്‍ എത്തിച്ചേരാന്‍ പ്രയാസം നേരിടുന്ന വനമേഖലകളിലെ കുട്ടികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതാണ് മറ്റൊരു ശ്രദ്ധേയമായ പദ്ധതി. ഇതിനായി 1.40 ലക്ഷം രൂപ എസ്എസ്എ വിനിയോഗിക്കും. രണ്ടു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള പാഠപുസ്തകം സൗജന്യമായി നല്‍കാന്‍ 8.45 കോടിയും സൗജന്യ യൂനിഫോമിന് 6.47 കോടിയും അനുവദിച്ചു.  അധ്യാപക രക്ഷാകര്‍തൃ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും എസ്എസ്എ നേതൃത്വം നല്‍കും.
Next Story

RELATED STORIES

Share it