ഗുജറാത്ത് വോട്ടെടുപ്പ് നാളെ

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പ്രചാരണം അവസാനിച്ചു. നാളെ വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിലേക്കുള്ള പ്രചാരണ പ്രവര്‍ത്തനങ്ങ ള്‍ക്കാണ് ഇന്നലെ തിരശ്ശീലവീണത്. രാഷ്ട്രീയമായി നിര്‍ണായകമായ സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് എന്നീ മേഖലകളിലെ രാജ്‌കോട്ട്, ജുനഗഡ്, അമേരേലി, മോര്‍ബ്, കച്ച്, സുരേന്ദ്ര നഗര്‍ ജില്ലകളാണ് നാളെ പോളിങ് ബൂത്തിലേക്കെത്തുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കു പുറമേ 50 രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാറ്റുരയ്ക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 57 സ്ത്രീകളടക്കം ആകെ 977 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്. ഇതിനായി 24,689 പോളിങ്ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്ര സ്സിനു വേണ്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മുന്നിട്ടിറങ്ങിയപ്പോള്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി നേരിട്ടാണ് ബിജെപി പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തും ഗുജറാത്തിലും നടപ്പാക്കിയ വികസനങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ബിജെപി വോട്ടു തേടിയത്. നോട്ട് നിരോധനവും ജിഎസ്ടിയും ഭരണനേട്ടങ്ങളായിട്ടാണ് ബിജെപി ഉയര്‍ത്തിക്കാട്ടിയത്.എന്നാല്‍, രാജ്യത്ത് നിലവിലുള്ള അസഹിഷ്ണുത പ്രചാരണായുധമാക്കിയ കോണ്‍ഗ്രസ് സംസ്ഥാ നത്ത് ബിജെപിയോട് എതിര്‍പ്പുള്ള പട്ടേല്‍ വിഭാഗം ഉള്‍പ്പെടെയുള്ള ജാതിസംഘടനകളെ ഒന്നിച്ചുനിര്‍ത്തിയുള്ള തന്ത്രമാണ് പയറ്റുന്നത്. ഹാര്‍ദിക് പട്ടേല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിനായി.ഒന്നാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 14 റാലികളെയാണ് മേഖലയില്‍ അഭിസംബോധന ചെയ്തത്. എന്നാല്‍, രണ്ടാഴ്ചയോളം തെക്കന്‍ ഗുജറാത്തിന്‍ ക്യാംപ് ചെയ്താണ് രാഹുല്‍ ഗാന്ധി മേഖലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്. അതിനിടെ, രാജ്യത്തിന്റെ തെക്കന്‍ തീരദേശത്ത് വീശിയടിച്ച ഒാഖി ചുഴലിക്കാറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അവസാന ദിനങ്ങളില്‍ പ്രതികൂലമായി. കൊടുങ്കാറ്റ് ഭീഷണിയില്‍ നിരവധി പൊതുപരിപാടികള്‍ മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു.
Next Story

RELATED STORIES

Share it