Flash News

ഗുജറാത്ത് വംശഹത്യ: കരസേനാ മുന്‍ ഉപമേധാവിയുടെ വെളിപ്പെടുത്തല്‍; സൈനിക നീക്കം മോദി വൈകിപ്പിച്ചു

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കാലത്ത് അതു തടയാനെത്തിയ സൈന്യത്തിന്റെ നീക്കം അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി മനപ്പൂര്‍വം വൈകിപ്പിച്ചതായി വെളിപ്പെടുത്തല്‍. കരസേനാ ഉപമേധാവിയായിരുന്ന ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷാ എഴുതിയ 'സര്‍ക്കാരി മുസല്‍മാന്‍' എന്ന ആത്മകഥയിലാണു വെളിപ്പെടുത്തല്‍.
തീവണ്ടിദുരന്തമുണ്ടായ 2002 ഫെബ്രുവരി 28ന് പിന്നാലെ മാര്‍ച്ച് 1ന് താന്‍ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം മോദിയെ കണ്ടതായി ഷാ പറയുന്നു. ക്രമസമാധാനപാലനത്തിന് സൈന്യത്തെ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തുതരേണ്ട കാര്യങ്ങളുടെ പട്ടിക പുലര്‍ച്ചെ രണ്ടുമണിക്ക് മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കൈമാറി. അന്നു കാലത്ത് ഏഴുമണിയോടെ 3000ഓളം വരുന്ന സൈനികര്‍ അഹ്മദാബാദ് എയര്‍ഫീല്‍ഡിലെത്തി. അവര്‍ക്കു വേണ്ട വാഹനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നത് ഒരു ദിവസം കഴിഞ്ഞാണ്. ഈ സമയമെല്ലാം നൂറുകണക്കിനുപേര്‍ അവിടെ കൊല്ലപ്പെടുകയായിരുന്നെന്നും ഷാ എഴുതി.
നിര്‍ണായകമായ മണിക്കൂറുകളാണ് അതിലൂടെ നഷ്ടമായത്. അതിവേഗം സൈന്യത്തെ വിന്യസിക്കാന്‍ തനിക്ക് കരസേനാ മേധാവിയായിരുന്ന ജനറല്‍ എസ് പത്മനാഭന്റെ നിര്‍ദേശമുണ്ടായിരുന്നു. റോഡിലൂടെ സൈന്യം എത്തുകയാണെങ്കില്‍ രണ്ടുദിവസമെടുക്കുമെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. അതുകൊണ്ട് സൈന്യത്തെ വിമാനത്തിലെത്തിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ജോധ്പൂരില്‍ നിന്ന് ഇതിനായി സൗകര്യമൊരുക്കാമെന്നും എന്നാല്‍ മണിക്കൂറുകള്‍കൊണ്ട് വിന്യാസം സാധ്യമാവുമെന്നും കരസേനാ മേധാവി പറഞ്ഞു. അഹ്മദാബാദില്‍ എത്തുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന വാഹനങ്ങള്‍ അവിടെയുണ്ടാവുമെന്നു കരുതിയിരുന്നു. എന്നാല്‍, അവിടെ ഒന്നുമുണ്ടായിരുന്നില്ല. ഇക്കാര്യം ആരാഞ്ഞപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട സൗകര്യം ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന മറുപടിയാണു കിട്ടിയത്.
28 ഫെബ്രുവരി രാത്രിയും മാര്‍ച്ച് 1 പകലും നിര്‍ണായക ദിവസങ്ങളായിരുന്നു. എന്നാല്‍, വണ്ടി വരുന്നതും കാത്ത് സൈന്യം എയര്‍ഫീല്‍ഡില്‍ നിന്നു. മാര്‍ച്ച് 2നാണ് അതെത്തുന്നത്. അപ്പോഴേക്കും എല്ലായിടത്തും കലാപം പടര്‍ന്നിരുന്നെന്നും പരംവിശിഷ്ട സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, സേനാ മെഡല്‍ തുടങ്ങിയവ കരസ്ഥമാക്കിയ ഷാ എഴുതി. യഥാസമയം തങ്ങള്‍ക്ക് വാഹനം നല്‍കാന്‍ തയ്യാറായിരുന്നെങ്കില്‍ ഇത്ര വലിയ പ്രശ്‌നങ്ങള്‍ ഗുജറാത്തിലുണ്ടാവുമായിരുന്നില്ല. 48 മണിക്കൂര്‍കൊണ്ട് സൈന്യത്തിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ആറുദിവസംകൊണ്ടുപോലും പോലിസിന് ചെയ്യാന്‍ കഴിയില്ല. 48 മണിക്കൂറിനുള്ളില്‍ 4ാം തിയ്യതി തങ്ങള്‍ ഓപറേഷന്‍ പൂര്‍ത്തിയാക്കി. എന്നാല്‍, നേരത്തേ വാഹനം ലഭിച്ചിരുന്നെങ്കില്‍ 2ാം തിയ്യതി തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. വാഹനം എത്തിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നത് സാധാരണമായിരിക്കാം. എന്നാല്‍, ഇത്തരം സാഹചര്യത്തില്‍ അതു വേഗത്തിലാക്കേണ്ടതായിരുന്നു.
അക്രമികള്‍ തീവയ്പ് നടത്തുമ്പോള്‍ പോലിസ് നോക്കിനിന്നു. തടയാന്‍ ഒന്നും ചെയ്തില്ല. ഭൂരിപക്ഷ മതത്തില്‍പ്പെട്ട എംഎല്‍എമാരും പോലിസ് സ്റ്റേഷനുകളില്‍ കൂടിയിരിക്കുന്നതു കണ്ടു. കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തങ്ങള്‍ ആവശ്യപ്പെടുമ്പോഴെല്ലാം അവര്‍ മുസ്‌ലിം ഏരിയ ഒഴിവാക്കിയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. അതുകൊണ്ട് അക്രമികളായ ആള്‍ക്കൂട്ടത്തിന് മുസ്‌ലിം മേഖലകള്‍ വളഞ്ഞുനില്‍ക്കാന്‍ കഴിഞ്ഞു. വിവേചനപരമായ നീക്കങ്ങളായിരുന്നു പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗുജറാത്തിന്റെ മുറിവ് വീണ്ടും തുറക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഇതെഴുതുന്നതെന്നും താന്‍ കണ്ട കാര്യങ്ങള്‍ സത്യസന്ധമായി വിവരിക്കുക മാത്രമാണെന്നും ഷാ പറഞ്ഞു. ആ മുറിവുണങ്ങാന്‍ മൂന്നുതലമുറയെങ്കിലും കഴിയണം- ഷാ പറഞ്ഞു.
പുസ്തകം മറ്റന്നാള്‍ ഡല്‍ഹിയില്‍ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി പ്രകാശനം ചെയ്യും. പുസ്തകത്തിന്റെ ആധികാരികത ജനറല്‍ പത്മനാഭന്‍ അടക്കം രണ്ടു മുന്‍ കരസേനാ മേധാവിമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it