ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേല്‍ സ്ഥാനമേറ്റു

ന്യൂഡല്‍ഹി: ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേല്‍ ചുമതലയേറ്റു. വകുപ്പു വിഭജനത്തിലെ അതൃപ്തിയെത്തുടര്‍ന്ന് ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ പട്ടേല്‍ വിസമ്മതിച്ചിരുന്നു. അപ്രധാന വകുപ്പുകള്‍ നല്‍കിയതിനെത്തുടര്‍ന്നായിരുന്നു പട്ടേലിന്റെ നിസ്സഹകരണം. എന്നാല്‍, ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനു ശേഷം ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പട്ടേല്‍ തയ്യാറാവുകയായിരുന്നു.
ഇന്നലെ രാവിലെയാണ് അമിത് ഷാ നിതിനെ വിളിച്ചത്. അമിത് ഷായുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഉചിതമായ വകുപ്പുകള്‍ നല്‍കാമെന്ന ഉറപ്പു ലഭിച്ചതായി നിതിന്‍ പട്ടേല്‍ പറഞ്ഞു. അമിത് ഷായുമായി ടെലിഫോണില്‍ സംസാരിച്ചതിനു പിന്നാലെ നിതിന്‍ പട്ടേല്‍ സെക്രട്ടേറിയറ്റില്‍ എത്തി ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.
ഞായറാഴ്ച രാവിലെ സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റ നിതിന്‍ പട്ടേല്‍ പക്ഷേ, ഓഫിസില്‍ പ്രവേശിക്കുകയോ മടങ്ങിപ്പോവാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുകയോ ചെയ്തില്ല. പ്രതിഷേധസൂചകമായാണ് ഈ നടപടിയെന്നാണ് സൂചന. താന്‍ ആവശ്യപ്പെട്ട വകുപ്പുകള്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു പട്ടേല്‍ പറഞ്ഞു.
ധനകാര്യ, നഗരവികസന വകുപ്പുകളായിരുന്നു ആദ്യഘട്ടത്തില്‍ നിതിന്‍ പട്ടേലിനു നല്‍കാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട് ഇവ മാറ്റി ആരോഗ്യം, റോഡ് വകുപ്പുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ സര്‍ക്കാരില്‍ കൈകാര്യം ചെയ്ത ധന, നഗരവികസന വകുപ്പുകള്‍ തന്നെ വേണമെന്നു നിതിന്‍ പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞയുണ്ടാവുമെന്നു കരുതിയിരുന്നെങ്കിലും ഈ പ്രശ്‌നത്തെത്തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു.
മറ്റു മന്ത്രിമാര്‍ കഴിഞ്ഞ ദിവസം സ്ഥാനമേറ്റിരുന്നെങ്കിലും പട്ടേല്‍ സ്ഥാനമേല്‍ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. മൂന്നു ദിവസത്തിനകം തനിക്ക് കൂടി സ്വീകാര്യമായ തരത്തില്‍ വകുപ്പുവിഭജനം നടന്നില്ലെങ്കില്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുമെന്നു പട്ടേല്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അനുനയിപ്പിക്കാന്‍ മറ്റു മന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളും ശ്രമിച്ചിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിഷയത്തില്‍ ഇടപെട്ടത്.
പട്ടേല്‍ ആവശ്യപ്പെട്ടിരുന്ന ധനവകുപ്പ് അംബാനി സഹോദരന്‍മാരുടെ സഹോദരീ ഭര്‍ത്താവ് സൗരഭ് പട്ടേലിനാണ് ബിജെപി നല്‍കിയത്. ഇതിനിടെ, പട്ടേല്‍ നേതാക്കളായ ഹാര്‍ദിക് പട്ടേല്‍, ലാല്‍ജി പട്ടേല്‍ തുടങ്ങിയവര്‍ നിതിന്‍ പട്ടേലിന് പിന്തുണയറിയിച്ചിരുന്നു. 10 എംഎല്‍എമാരുമായി ബിജെപി വിട്ടു വന്നാല്‍ നിതിന്‍ പട്ടേലിന് അര്‍ഹിക്കുന്ന സ്ഥാനം കോണ്‍ഗ്രസ് നല്‍കുമെന്നു ഹാര്‍ദിക് പട്ടേല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it