Flash News

ഗുജറാത്തില്‍ ദലിത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു കൊലപ്പെടുത്തി. മുകേഷ് വാനിയ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയാണ് ദൃശ്യങ്ങള്‍ പുറംലോകത്തെത്തിച്ചത്. ഗുജറാത്തില്‍ ദലിതര്‍ സുരക്ഷിതരല്ലെന്നു പറഞ്ഞാണ് ജിഗ്‌നേഷ് മേവാനി വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ഉനയില്‍ നിരപരാധികളെ മറ്റുള്ളവര്‍ക്കു മുന്നിലിട്ട് മര്‍ദിച്ച് നാണംകെടുത്തുകയാണുണ്ടായത്. എന്നാല്‍, ഇവിടെ ജാതിയുടെ പേരിലുള്ള ആക്രമണത്തില്‍ ഒരാള്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പഴയകാല തെറ്റുകളില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാര്‍ ഇനിയും പാഠം പഠിച്ചിട്ടില്ല'- മേവാനി അഭിപ്രായപ്പെട്ടു.
ഒരു ഫാക്ടറിക്കകത്തു വച്ച് മൂന്നുപേര്‍ ചേര്‍ന്നാണ് മുകേഷിനെ മര്‍ദിച്ചത്. മുകേഷിന്റെ ഭാര്യക്കും മര്‍ദനമേറ്റിട്ടുണ്ട്. ഫാക്ടറി ഉടമയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുകേഷിനെ മര്‍ദിച്ചതെന്നാണ് റിപോര്‍ട്ട്.
ഫാക്ടറി ഉടമ അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ എസ്‌സി, എസ്ടി നിയമപ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് രാജ്‌കോട്ട് സീനിയര്‍ പോലിസ് ഓഫിസര്‍ ശ്രുതി മെഹ്ത പറഞ്ഞു. ഡെപ്യൂട്ടി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഴയ സാധനങ്ങളും മറ്റും ശേഖരിക്കാനായി ഫാക്ടറി പരിസരത്തെത്തിയതായിരുന്നു മുകേഷും ഭാര്യയും. ഇവരെ മോഷണക്കുറ്റം ആരോപിച്ച് ഫാക്ടറി ഉടമയും മറ്റും മര്‍ദിക്കുകയായിരുന്നു. ഇതിനിടെ സഹായം അഭ്യര്‍ഥിച്ച് ഭാര്യ അടുത്തുള്ള ഗ്രാമത്തില്‍ പോയി. തിരിച്ചുവന്നപ്പോള്‍ മുകേഷിനെ തലകീഴായി കെട്ടിയിട്ട നിലയിലായിരുന്നു കണ്ടത്.
മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ മുകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it