kozhikode local

ഗുജറാത്തില്‍ തോറ്റത് കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വ സമീപനം കൊണ്ട്: എളമരം കരീം

കോഴിക്കോട്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ജയിച്ച് കയറാന്‍ എല്ലാ സാധ്യതകളുമുണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം അവരുടെ മൃദുഹിന്ദുത്വ സമീപനമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. മാര്‍ച്ച് 23 മുതല്‍ 26 വരെ കോഴിക്കോട് നടക്കുന്ന സിഐടിയു ദേശീയ കൗണ്‍സിലിന്റെ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ വര്‍ഗീയതക്കെതിരേ ജനമനസ് ഉണര്‍ത്തുന്നതിന് പകരം താന്‍ ഹിന്ദുവാണെന്ന് തെളിയിക്കാന്‍ ക്ഷേത്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു രാഹുല്‍ ഗാന്ധി. അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തില്‍ മുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തിയില്ല. ഗുജറാത്തിലെ കോ ണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ മുസ്‌ലിമായതിനാല്‍ പ്രധാന കേന്ദ്രങ്ങളിലെ പ്രചാരണയോഗങ്ങളില്‍ പ്രസംഗിക്കാന്‍ അനുവദിച്ചില്ല. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സാമ്പത്തിക നയത്തില്‍ യാതൊരു വ്യത്യാസവും ഇല്ല. ഇരുകൂട്ടരും നവഉദാരീകരണ നയത്തിന്റെ വക്താക്കളാണ്.
രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഏറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിന്റെ വര്‍ഗീയ ഫാഷിസത്തിനും പാവങ്ങളുടെ നടുവൊടിക്കുന്ന നവഉദാരവല്‍ക്കണ നയങ്ങള്‍ക്കുമെതിരേ ഒരക്ഷരം പോലുമില്ല. മോദിയുടെ നോട്ടുമാറ്റവും ജിഎസ്ടിയും കാരണം കഷ്ടപ്പെടുന്നത് കര്‍ഷകരും ചെറുകിട ഉല്‍പാദകരും തൊഴിലാളി സമൂഹവുമാണ്. രാജ്യത്ത് കരിഞ്ചന്തകളും പൂഴ്ത്തിവയ്പ്പും തടയാനുള്ള നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കി. ധാന്യത്തിന്റെയും പച്ചക്കറികളുടെയുമെല്ലാം വില നിര്‍ണയിക്കുന്നത് കുത്തകകളാണ്. അവര്‍ നേരിട്ട് തുഛമായ വിലക്ക് കര്‍ഷകകരില്‍ നിന്ന് സവാള പോലുള്ള കാര്‍ഷിക വിളകള്‍ സംഭരിച്ച് ശീതീകരണ സംവിധാനമുള്ള ആധുനിക ഗോഡൗണുകളില്‍ പൂഴ്ത്തിവയ്ക്കുന്നു.
ഒരു കിലോ ഉള്ളിക്ക് നാലു മുതല്‍ 10 രൂപ വരെയാണ് റിലയന്‍സ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇതിന്റെ എത്രയോ ഇരട്ടി വിലക്കാണ് ഉള്ളി മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. ഉള്ളിക്കച്ചവടത്തിലൂടെ മാത്രം വര്‍ഷം ആയിരംകോടി യിലേറെ രൂപ റിലയന്‍സ് നേടിയെടുക്കുന്നുവെന്നും കരിം പറഞ്ഞു. യോഗത്തില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, പി കെ മുകുന്ദന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it