wayanad local

ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ലോകത്തിന്റെ വെളിച്ചം: സ്പീക്കര്‍



സുല്‍ത്താന്‍ ബത്തേരി: കലുഷിതമാവുന്ന ലോകത്തിന്റെ സമകാലിക സാഹചര്യങ്ങളില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ലോകത്തിന്റെ വെളിച്ചമാണെന്നു നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട് ഇന്നു നേരിടുന്ന നാനാവിധ പ്രശ്‌നങ്ങള്‍ക്കും ഗാന്ധിയന്‍ മൂല്യങ്ങളും ദര്‍ശനങ്ങളും പരിഹാരമാണ്. പ്രതിമകളായും സ്മാരകങ്ങളായും ഗാന്ധിയുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുദിനം ഉയര്‍ന്നുവരുന്നിതിന്റെയും കാരണങ്ങളിതാണെന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ ബത്തരി ട്രാഫിക് ജങ്ഷന്‍ മുതല്‍ അമ്മായിപ്പാലം വരെയുള്ള പാതയ്ക്ക് എംജി റോഡ് എന്ന് സ്പീക്കര്‍ നാമകരണം ചെയ്തു. നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാത നിര്‍മിക്കുന്നത് വയനാടിന്റെ പ്രധാന ആവശ്യമാണ്. ഇക്കാര്യങ്ങളില്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നഗരസഭയും ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി ലക്ഷ്ണനും കുടുംബവും ചേര്‍ന്നാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്. ഡോ. പി ലക്ഷ്മണനെ ചടങ്ങില്‍ ആദരിച്ചു. ഐ സി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ. പി തോമസ് ഗാന്ധിയന്‍ ദര്‍ശനം നല്‍കി. മുനിസിപ്പല്‍ ചെയര്‍മാന്‍ സി കെ സഹദേവന്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജിഷ സജി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി എല്‍ സാബു, എല്‍സി പൗലോസ്, ബാബു അബ്ദുറഹിമാന്‍, പി കെ സുമതി, വല്‍സല ജോസ്, കൗണ്‍സിലര്‍മാരായ എന്‍ എം വിജയന്‍, പി പി അയൂബ്, എം കെ സാബു, എം പ്രവീണ്‍, കെ സുപ്രിയ, അഡ്വ. കെ വേണുഗോപാല്‍, മത്തായിക്കുഞ്ഞ്, എ യു നാസര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it