ഗാഡ്ഗില്‍ റിപോര്‍ട്ടിനെ എതിര്‍ക്കുന്നവരും അശാസ്ത്രീയമെന്ന് പറയില്ല: മാധവ് ഗാഡ്ഗില്‍

കൊച്ചി: ഗാഡ്ഗില്‍ റിപോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ അതില്‍ വസ്തുതാവിരുദ്ധമോ അശാസ്ത്രീയമോ ആയ എന്തെങ്കിലും പരാമര്‍ശങ്ങള്‍ ഉള്ളതായി പറയുന്നില്ലെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രഫ. മാധവ് ഗാഡ്ഗില്‍. മാനവ സംസ്‌കൃതി എറണാകുളം വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമകാലിക പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റിപോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതകളാണെങ്കിലും തങ്ങള്‍ എതിര്‍ക്കുന്നു എന്നതാണ് അവരുടെ നിലപാട്. ജനാധിപത്യ ഭരണക്രമത്തിലെ നിയമങ്ങളെ ബഹുമാനിച്ചും ശാസ്ത്രീയ സത്യങ്ങളെ അംഗീകരിച്ചുമാണ് ആ റിപോര്‍ട്ട് തയ്യാറാക്കിയത്. ആ റിപോര്‍ട്ട് നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് പറയുന്നവര്‍ പരിസ്ഥിതി സംരക്ഷിക്കാന്‍ നിലവിലുള്ള നിയമങ്ങളെ അട്ടിമറിക്കുന്നതും അതിന്റെ മറവില്‍ അഴിമതി നടത്തുന്നതും തടയുന്നില്ല. നിയമങ്ങള്‍ ലംഘിക്കുന്നതും പരിസ്ഥിതിനിയമങ്ങള്‍ കാട്ടി അഴിമതി നടത്തുന്നതും മാത്രമാണോ ഇവിടെ പ്രായോഗികമെന്നും ഗാഡ്ഗില്‍ ചോദിച്ചു. കേരളത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണം നടത്തുന്നത് പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കാത്ത തരത്തിലാവണം. മലയോര മേഖലയിലെ ഖനനത്തിന് പ്രകൃതിസൗഹൃദമായ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും മാധവ് ഗാഡ്ഗില്‍ ആവശ്യപ്പെട്ടു. രണ്ടു പതിറ്റാണ്ടു മുമ്പ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ റോഡ് നിര്‍മാണത്തിനായി വനമേഖലയില്‍ ക്വാറി നടത്തുന്നത് സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ തടഞ്ഞു. ലാഭേച്ഛയോടെ സ്വകാര്യ വ്യക്തി നടത്തുന്ന വന്‍തോതിലുള്ള ഖനനം നാടിനെയും കാടിനെയും നശിപ്പിക്കുമെന്ന് അവര്‍ കണ്ടറിഞ്ഞു. പകരം പദ്ധതിക്കായി പരിസ്ഥിതിയെ നശിപ്പിക്കാത്ത രീതിയില്‍ അവര്‍ പരിമിതമായ ഖനനം നടത്തി ആവശ്യമായ കല്ല് നല്‍കി ലാഭം നാടിന്റെ വികസനത്തിനായി ഉപയോഗിച്ചു. വികസനം പുറത്തുനിന്ന് അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. നാടിന്റെ ആവശ്യങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും മാനിച്ചാവണം വികസനം. നോര്‍വേയില്‍ എണ്ണഖനനം നടത്തുന്നത് സ്വകാര്യ കമ്പനികളല്ല. ജനങ്ങള്‍ക്കു പങ്കാളിത്തമുള്ള തദ്ദേശസമിതികളാണ് അതില്‍ നിന്നുള്ള ലാഭം ജനങ്ങളുടെ പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച് വികസനത്തില്‍ ജനങ്ങളെക്കൂടി ഗുണഭോക്താക്കളാക്കുന്നു. ഇത്തരത്തില്‍ വികസനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകള്‍ മാറണമെന്ന് ഗാഡ്ഗില്‍ പറഞ്ഞു. ഗാഡ്ഗില്‍ റിപോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ വളരെയേറെ പഴികേട്ട ആളാണ് താനെന്ന് ചടങ്ങില്‍ ധ്യക്ഷതവഹിച്ച പി ടി തോമസ് എംഎല്‍എ പറഞ്ഞു. എന്തൊക്കെ വിമര്‍ശനങ്ങള്‍ കേട്ടാലും നഷ്ടങ്ങള്‍ സംഭവിച്ചാലും അവസാനംവരെ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കും. ഇന്നല്ലെങ്കില്‍ നാളെ എല്ലാ രാഷ്ട്രീയകക്ഷി നേതാക്കളും ഈ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കേണ്ടിവരുമെന്നും പി ടി തോമസ് പറഞ്ഞു. പ്രഭാഷണത്തിനുശേഷം സദസ്യര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും മാധവ് ഗാഡ്ഗില്‍ മറുപടി നല്‍കി. അഡ്വ. ഹരീഷ് വാസുദേവന്‍, വൈഎംസിഎ പ്രസിഡന്റ് സാജു കുര്യന്‍ സംസാരിച്ചു. മാനവ സംസ്‌കൃതി സംസ്ഥാന വൈസ് ചെയര്‍മാന്‍ ആര്‍ ഗോപാലകൃഷ്ണന്‍, സി ആര്‍ നീലകണ്ഠന്‍, അഡ്വ. എം വി എല്‍ദോ പങ്കെടുത്തു.

Next Story

RELATED STORIES

Share it