Flash News

ഗവ. പ്ലീഡര്‍ തസ്തിക ലിസ്റ്റ് നിയമവകുപ്പ് തിരുത്തി



തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് മന്ത്രിസഭ അംഗീകരിച്ച സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ ലിസ്റ്റില്‍ നിയമവകുപ്പിന്റെ തിരുത്ത്. അഡ്വക്കറ്റ് ജനറല്‍ നല്‍കിയ ശുപാര്‍ശയില്‍ ആദ്യസ്ഥാനത്ത് ഉണ്ടായിരുന്നയാളെ ഒഴിവാക്കിയാണ് നിയമവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട തിരുവനന്തപുരം സ്വദേശിനി പി ജെ സിജയാണ് നിയമവകുപ്പിന്റെ ലിസ്റ്റില്‍ നിന്നു പുറത്തായത്. ഉദ്യോഗസ്ഥതലത്തിലെ ജാതിവിവേചനമാണ് നിയമനം അട്ടിമറിച്ചതിനു പിന്നിലെന്ന് ആക്ഷേപമുയര്‍ന്നു. മാര്‍ച്ച് 29നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സിജ ഉള്‍െപ്പടെയുള്ള 12 ഗവ. പ്ലീഡര്‍മാരുടെയും ആറു സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍മാരുടെയും പട്ടിക എജി സമര്‍പ്പിച്ചത്. സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെ ലിസ്റ്റില്‍ നിന്ന് ആദ്യ രണ്ടു പേരെയും ഗവ. പ്ലീഡര്‍മാരുടെ ലിസ്റ്റില്‍ നിന്ന് ആദ്യ നാലു പേരെയും നിയമിക്കണമെന്നാണ് എജി ശുപാര്‍ശ ചെയ്തത്. ഇത് അതേപടി മന്ത്രിസഭ അംഗീകരിച്ചിരുന്നു. എന്നാല്‍, ലിസ്റ്റിലെ ആദ്യ പേരുകാരിയായിട്ടും പി ജെ സിജയെ നിയമവകുപ്പ് ഒഴിവാക്കുകയായിരുന്നു. പുതിയ ലിസ്റ്റില്‍ സീനിയര്‍ ഗവ. പ്ലീഡര്‍മാരായി ആദ്യ രണ്ടു പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഗവ. പ്ലീഡര്‍മാരായി മൂന്നു പേരെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതാണ് ജാതിവിവേചനമായി ആരോപിക്കപ്പെടുന്നത്. മൂന്നു വര്‍ഷത്തേക്കോ 60 വയസ്സ് തികയും വരെയോ ആണ് പ്ലീഡര്‍മാരുടെ നിയമനം. അതേസമയം, ഉത്തരവില്‍ ഒപ്പിട്ട നിയമ സെക്രട്ടറി വിഷയത്തില്‍ പ്രതികരിച്ചില്ല. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് രണ്ട് സീനിയര്‍ പ്ലീഡറുടേതുള്‍പ്പെടെ ആറ് ഗവ. പ്ലീഡര്‍മാരുടെ തസ്തിക സൃഷ്ടിക്കണമെന്ന് 2016 സപ്തംബര്‍ 2നാണ് എജി സര്‍ക്കാരിനു കത്തു നല്‍കിയത്. 2017 ഫെബ്രുവരി 2നു ചേര്‍ന്ന മന്ത്രിസഭാ യോഗം ഇത് അംഗീകരിക്കുകയും ഫെബ്രുവരി 4ന് തസ്തിക സൃഷ്ടിച്ച് ഉത്തരവിറങ്ങുകയും ചെയ്തു. നാലു തസ്തിക നിലനില്‍ക്കെയാണ് പ്രഥമ പേരുകാരിയെ ഒഴിവാക്കി മൂന്നു പേരെ മാത്രം നിയമിച്ചതെന്നതും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it