kozhikode local

ഗര്‍ഭിണി വിഷം അകത്ത് ചെന്ന് മരിച്ച സംഭവം: സമഗ്ര അന്വേഷണം വേണമെന്ന്

മുക്കം: കൂടരഞ്ഞി സ്വദേശിയായ  യുവതി കോടഞ്ചേരി മരുതിലാവിലെ ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ വിഷം അകത്ത് ചെന്ന്  മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ തിരുവമ്പാടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.താഴെ കൂടരഞ്ഞി വെള്ളക്കട ജോജിയുടെ മകള്‍ ഗര്‍ഭിണിയായ സൗമ്യ (19) യെ കഴിഞ്ഞ നാലിനാണ് ഭര്‍തൃവീട്ടില്‍ നിന്ന് വിഷം അകത്ത് ചെന്ന നിലയില്‍  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്.  മരുതിലാവ് കൊച്ചുപുരക്കല്‍ ജിന്‍സിന്റെ ഭാര്യയാണ് യുവതി. ഒന്‍പത് മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. സൗമ്യ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപിച്ച് ബന്ധുക്കള്‍ അന്നു തന്നെ കോടഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍തൃ പിതാവ് യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സൗമ്യയുടെ ബന്ധുക്കള്‍,വീടു സന്ദര്‍ശിച്ച മഹിളാ അസോസിയേഷന്‍ നേതാക്കളോട് പറഞ്ഞു. ഭര്‍തൃപിതാവിന്റെ പീഡനം സഹിക്കവയ്യാതെ കുറച്ചു ദിവസം യുവതി കൂടരഞ്ഞിയിലെ സ്വന്തം വീട്ടില്‍ വന്ന് താമസിച്ചിരുന്നു. തിരിച്ചു പോയതിന്റെ പിറ്റേ ദിവസമാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടത്. വിഷം സ്വയം കഴിച്ചതാണോ ആരെങ്കിലും നല്‍കിയതാണോ തുടങ്ങി എല്ലാ കാര്യങ്ങളും പോലിസ് സമഗ്രമായി അന്വേഷിക്കണമെന്ന് മഹിളാ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജില്ലാ കമ്മറ്റി അംഗം എ കല്യാണികുട്ടിയുടെ നേതൃത്വത്തില്‍ തിരുവമ്പാടി ഏരിയ സെക്രട്ടറി ഗീത വിനോദ്,പ്രസിഡന്റ് പി ലസിത, ശ്യാമള പീതാംബരന്‍ എന്നിവര്‍ സൗമ്യയുടെ വീട് സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it