Kottayam Local

ഗര്‍ഭസ്ഥ ശിശുവിന്റെ മരണം സമരത്തിനൊരുങ്ങി നാട്ടുകാര്‍; ഡോക്ടര്‍ക്കെതിരേ കേസെടുത്തു

എരുമേലി: ചികില്‍സയില്‍ യുവതിയുടെ ഗര്‍ഭം അലസി ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാര്‍ സമരത്തിനൊരുങ്ങിയതോടെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറെ പ്രതിയാക്കി പോലിസ് കേസെടുത്തു.
സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അന്വേഷണം നടത്തണമെന്ന് പോലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപോര്‍ട്ട് ലഭിച്ച ശേഷം കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മണിമല സിഐ ടി ഡി സുനില്‍ കുമാര്‍ പറഞ്ഞു. മനപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെങ്കിലും ഡിഎംഒ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പോലിസിലെ തീരുമാനം. മുക്കൂട്ടുതറ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മേരിയമ്മ ചാക്കോയെ ആണ് പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.
ആശുപത്രിയില്‍ ചികില്‍സ തേടിയ മണിപ്പുഴ തോട്ടുവായില്‍ പി പി ബെജിയുടെ ഭാര്യ സന്ധ്യയ്ക്കാണ് അഞ്ചരമാസം ഗര്‍ഭാവസ്ഥയില്‍ അബോര്‍ഷന്‍ സംഭവിച്ചത്. ഡോ.മേരിയമ്മ ചാക്കോയുടെ ചികില്‍സയിലായിരുന്നു സന്ധ്യ. അഞ്ചര മാസത്തെ ഗര്‍ഭാവസ്ഥയില്‍ വയറുവേദനയെ തുടര്‍ന്ന് എത്തിയപ്പോള്‍ അഡ്മിറ്റ് ചെയ്യാന്‍ ഫോണില്‍ നിര്‍ദേശിച്ച ഡോക്ടര്‍ സന്ധ്യയുടെ സ്ഥിതി വഷളായിട്ടും ആശുപത്രിയിലെത്തിയില്ല. സന്ധ്യയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവന്‍ അപകടത്തിലായതോടെ മറ്റ് ആശുപത്രികളിലെത്തിച്ചിട്ടും ചികില്‍സ ലഭിച്ചില്ല. തുടര്‍ന്ന് വാഹനത്തില്‍ വച്ച് അബോര്‍ഷന്‍ സംഭവിക്കുകയായിരുന്നു.
ഭര്‍ത്താവ് ബെജി ആണ് പരാതി നല്‍കിയത്. പരാതിയില്‍ നടപടികള്‍ വൈകിയതോടെ യാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it