malappuram local

ഗദ്ദിക: പൊന്നാനിയില്‍ ഒരുക്കങ്ങള്‍ തകൃതി

പൊന്നാനി: പട്ടികജാതി  പട്ടിക വര്‍ഗ വികസന വകുപ്പുകളുടെയും കിര്‍താഡ്‌സിന്റേയും സംയുക്താഭിമുഖ്യത്തില്‍ പൊന്നാനിയില്‍ സംഘടിപ്പിക്കുന ഗദ്ദികയുടെ ഒരുക്കങ്ങള്‍ തുടങ്ങി. ഫെബ്രുവരി 11 മുതല്‍ 20 വരെ എ വി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രൗണ്ടിലാണ് ഗദ്ദിക നടക്കുക.  സ്റ്റാളുകള്‍, ഓഡിറ്റോറിയം, പാരമ്പര്യ വൈദ്യ ചികിത്സ സൗകര്യങ്ങള്‍ എന്നിവക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു വരുന്നു.അന്യം നിന്നുകൊണ്ടിരിക്കുന്ന  ഗോത്രവര്‍ഗ പൈതൃകവും തനതുകലകളും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് ഗദ്ദികയിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത ഉല്പന്നങ്ങള്‍ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുകയും വിപണനം നടത്തുതിന് സൗകര്യമൊരുക്കുകയും ചെയ്യുക എന്നത് മേളയുടെ ലക്ഷ്യമാണ്. പരമ്പരാഗത രുചിക്കൂട്ടുകളും വനവിഭവങ്ങളും ചികിത്സാരീതികളും സമ്മേളിക്കുന്നതാണ് ഗദ്ദിക. പട്ടികജാതി പട്ടികവര്‍ഗ വികസനവകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പവലിയനുകളും മേളയിലുണ്ടാകും. ആദിവാസി വിഭാഗങ്ങള്‍ക്കും തനത് ഉല്പന്നങ്ങളുടെ നിര്‍മാതാക്കള്‍ക്കും ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ മേള സഹായകമാകും. തീര്‍ത്തും സൗജന്യമായാണ് സ്റ്റാളുകള്‍  അനുവദിക്കുന്നത്.പത്തുദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം 11 ന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും. മന്ത്രി കെ ടി ജലീല്‍ മുഖ്യാതിഥിയാകും. തനത് കലാരൂപങ്ങള്‍ക്ക് പുറമെ ഗസല്‍, മാപ്പിളപ്പാട്ട് ഗാനമേള, നൃത്തം തുടങ്ങിയ സാംസ്‌കാരിക പരിപാടികള്‍ കൊണ്ട് ഗദ്ദികയുടെ സന്ധ്യകള്‍ സമ്പന്നമാകും. എ വി ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഗദ്ദിക സ്റ്റാളുകളുടേയും മറ്റും നിര്‍മ്മാണ പ്രവര്‍ത്തനത്തങ്ങള്‍ നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി, നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി സത്യന്‍, നിയമസഭ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടി ജമാലുദ്ദീന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ വി പി ഹുസൈന്‍കോയ തങ്ങള്‍ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി
Next Story

RELATED STORIES

Share it