kasaragod local

ഗതാഗതക്കുരുക്ക്: അടിയന്തര പരിഹാരത്തിന് വിദഗ്ധ സമിതി

കണ്ണൂര്‍: ജില്ലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള അടിയന്തര പരിഹാര നിര്‍ദേശങ്ങള്‍ക്ക് വിദഗ്ധ ഉപസമിതിയെ നിയോഗിക്കാന്‍ ജില്ലാപദ്ധതി കരടുരേഖയില്‍ നിര്‍ദേശം. ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വികസന സെമിനാറിന്റെ ഗ്രൂപ്പ് ചര്‍ച്ചയിലാണ് നിര്‍ദേശമുയര്‍ന്നത്. സമിതിയില്‍ പൊതുമരാമത്ത് വകുപ്പ്, ദേശീയപാത വിഭാഗം, ആര്‍ടിഎ, പോലിസ് എന്നീ വിഭാഗം ഉദ്യോഗസ്ഥരായിരിക്കും ഉണ്ടാവുക. തളിപ്പറമ്പ് മാതൃകയില്‍ അടിയന്തരമായി ചെയ്യാവുന്ന കാര്യങ്ങളാണ് സമിതി പരിഗണിക്കുക. ഒരാഴ്ചയ്ക്കകം സമിതി ഗതാഗത പരിഷ്‌കരണത്തിനുള്ള പ്രാഥമിക നിര്‍ദേശം സമര്‍പ്പിക്കും. ഇതിനായി ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ പ്രത്യേക യോഗം ചേരും. ജില്ലയിലെ ദേശീയപാതകളടക്കമുള്ള പ്രധാനറോഡുകളില്‍ ഓരോ 15 കിേലാമീറ്ററിലും വഴിയോര വിശ്രമകേന്ദ്രം ഒരുക്കാനും നിര്‍ദേശമുണ്ട്. സ്ത്രീകള്‍ക്ക് മലയൂട്ടാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സൗകര്യവും ഇവിടെ ഉറപ്പാക്കും. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമസൗകര്യവും മറ്റ് ആധുനിക സൗകര്യങ്ങളുമടങ്ങിയതായിരിക്കും കേന്ദ്രങ്ങള്‍. ദേശീയപാത വിഭാഗം, പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്തസംരംഭമായാണ് വിശ്രമ കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. കോഫി ഷോപ്പ്, വൈഫൈ സൗകര്യം എന്നിവയും ഇവിടെയുണ്ടാവും. വാസയോഗ്യമല്ലാതായ വീടുകള്‍ പുതുക്കിപ്പണിയാന്‍ പ്രത്യേക ഭവന പദ്ധതി രൂപീകരിക്കണമെന്ന് സാമൂഹിക്ഷേമം, പാര്‍പ്പിടം സംബന്ധിച്ച ഉപസമിതി നിര്‍ദേശിച്ചു. രാജീവ് ഗാന്ധി ഭവന പദ്ധതി പോലുള്ള പദ്ധതികളില്‍ നിര്‍മിച്ച വീടുകള്‍ പൊളിച്ചുനീക്കി അവിടെ ഫഌറ്റ് നിര്‍മിച്ച് നിലവിലുള്ള ഗുണഭോക്താക്കള്‍ക്ക് നല്‍കണം. സഹകരണ ബാങ്കുകളിലുള്ള മിച്ചനിക്ഷേപം തദ്ദേശസ്ഥാപനങ്ങള്‍ വഴി വികസന പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നിയമനിര്‍മാണം നടത്തണം. വ്യവസായ രംഗത്ത് ടെക്‌നോളജി അധിഷ്ഠിത ഇന്‍കുബേറ്റര്‍ സെന്റര്‍, എയിംസ് മാതൃകയില്‍ വിദഗ്ധ ആരോഗ്യ പഠന സ്ഥാപനം, ബ്ലോക്ക് അടിസ്ഥാനത്തില്‍ ലഹരി വിമുക്ത കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ സേന, എല്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും സാങ്കേതിക പരിശീലനം ഉറപ്പാക്കാന്‍ ബ്ലോക്കുകളില്‍ പരിശീലന കേന്ദ്രം, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഭവനാടിസ്ഥാനത്തില്‍ റിസോഴ്‌സ് അധ്യാപകരുടെ സേവനം ഉറപ്പാക്കാനുളള്ള പദ്ധതി, സൗജന്യ തെറാപ്പി സെന്ററുകള്‍, അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് കര്‍ഷക ഗ്രൂപ്പുകളുടെ ഉല്‍പന്നങ്ങളുടെ വിപണനത്തിന് ഷോപ്പിങ് മാള്‍ തുടങ്ങിയ നിര്‍ദേശങ്ങളും വിവിധ ഉപസമിതികളുടെ ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഉല്‍പാദനമേഖലയുടെ വികസനത്തിന് ആഴ്ചച്ചന്തകളെയും എക്കോഷോപ്പുകളെയും ബന്ധിപ്പിച്ച് ചന്തകളില്‍ ബാക്കിവരുന്ന സാധനങ്ങള്‍ എക്കോഷോപ്പുകള്‍ വഴി വതരണം ചെയ്യാന്‍ സംവിധാനമൊരുക്കുക, സംഘമൈത്രിയെ എക്കോഷോപ്പുകളുടെ കേന്ദ്രബിന്ദുവാക്കി മാറ്റി വിപണനം ശക്തിപ്പെടുത്തുക തുടങ്ങിയ നൂതന നിര്‍ദേശങ്ങളുമുണ്ട്. മല്‍സ്യഗ്രാമങ്ങളില്‍ മറൈന്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അക്വേറിയം, മറൈന്‍ മ്യൂസിയം തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിക്കുക, മല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുമായി ആധുനിക ലബോറട്ടറി സ്ഥാപിക്കുക, മല്‍സ്യഉല്‍പന്നങ്ങള്‍ക്ക് കേന്ദ്രീകൃത മാര്‍ക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് മറ്റു പ്രധാന നിര്‍ദേശങ്ങള്‍. ആയുര്‍വേദമേഖലയുടെ വികസനത്തിന് ജില്ലാതലത്തില്‍ ഔഷധത്തോട്ടം നിര്‍മിക്കാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തുക, ആയുര്‍വേദ ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിന് സമീപം ആയുര്‍വേദ ഗ്രാമം ഒരുക്കുക, തൃശൂര്‍ മാതൃകയില്‍ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രി തുടങ്ങുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. നഗരസഭാ-ബ്ലോക്ക് പരിധികളില്‍ ഗ്യാസ് ക്രിമറ്റോറിയം, ജില്ലയില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, താലൂക്ക് തലത്തില്‍ ശാസ്ത്രീയ അറവുശാലകള്‍, ആശുപത്രികളില്‍ ബയോമെഡിക്കല്‍ വേസ്റ്റ് ട്രീറ്റ്‌മെന്റ് സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്.
Next Story

RELATED STORIES

Share it