Alappuzha

ഖുര്‍ആന്‍ വാര്‍ഷികം റമദാനില്‍

ഡോ. എ ഐ റഹ്മത്തുല്ല
മുഴുവന്‍ ജനസമൂഹങ്ങളിലും അറിയപ്പെടുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. 1440 വര്‍ഷങ്ങളോളം പഴക്കമുള്ളത്. മനുഷ്യരില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഒരാളിലേക്കു മാലാഖ വഴി എത്തിച്ചുകൊടുക്കപ്പെട്ടതാണ്. പല സന്ദര്‍ഭങ്ങളിലായി ഇറക്കപ്പെട്ട വചനങ്ങള്‍ ദൈവികമായിത്തന്നെ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. വചനങ്ങളുടെ സ്ഥാനങ്ങളോ വാക്കുകളുടെ അക്ഷരഘടനയോ ഒന്നുംതന്നെ മാറ്റങ്ങള്‍ക്കു വിധേയമായിട്ടില്ല. മനസ്സിലായിട്ടില്ലാത്ത വാക്-പ്രയോഗങ്ങളെല്ലാം അപ്പാടെ നിലനിര്‍ത്തി.
ഈ ഗ്രന്ഥം നല്‍കപ്പെട്ട മനുഷ്യന്‍ ദൈവദൂതന്‍, നബി എന്നെല്ലാം വിളിക്കപ്പെട്ടു. യുദ്ധങ്ങള്‍ നയിച്ച് മര്‍ദിത സമൂഹങ്ങളെ അടിമത്തത്തിന്റെ കാണാത്ത ചങ്ങലകളില്‍ നിന്നും ജീവിതഭാരങ്ങള്‍ താങ്ങാനാവാത്ത പ്രതിസന്ധികളില്‍ നിന്നും വിമോചിപ്പിച്ചു. സാമ്പത്തിക നീതി സ്ഥാപിക്കാന്‍ സമ്പന്നരില്‍ നിന്ന് തങ്ങളുടെ വര്‍ധനവിന്റെ നിശ്ചിത ഭാഗം വ്യവസ്ഥാപിതമായി പിരിച്ചെടുത്ത് ദരിദ്രര്‍ക്കു കൊടുക്കാനുള്ള സംവിധാനം നിലനിര്‍ത്തി.
അദ്ദേഹത്തോട് ഈ ഗ്രന്ഥം ഇറക്കിക്കൊടുത്ത സൃഷ്ടികര്‍ത്താവ് ആജ്ഞാപിച്ചത് “”ഇതു കിട്ടിയതുപോലെ ജനങ്ങള്‍ക്ക് ഓതിക്കൊടുത്തേക്ക്; അതിന്റെ വിശദീകരണം നാം പിന്നീട് നല്‍കിക്കൊള്ളും’’ (ഖുര്‍ആന്‍ 75: 16-19) എന്നാണ്.
ഭാഷാസാഹിത്യത്തിനു കാലാനുസൃതമായി ഉണ്ടാവുന്ന ആശയവികാസത്തിലൂടെ മനുഷ്യബുദ്ധിയിലേക്ക് ഈ ഗ്രന്ഥം ബോധനം ചെയ്തു. ഖുര്‍ആന്റെ നിത്യനൂതനത്വത്തിനു കാരണവും അതുതന്നെ. കഴിഞ്ഞ കാലമെന്നോ വരുംകാലമെന്നോ വ്യത്യാസം തോന്നിക്കാത്തവിധം കാലത്തിനതീതമായ സംവേദനക്ഷമത ഖുര്‍ആന്റെ അദ്ഭുതകരമായ ആഖ്യാനരീതിയാണ്. ഉദയാസ്തമയങ്ങള്‍ക്ക് അനുസൃതമായി കണക്കുകൂട്ടി കലണ്ടര്‍ തയ്യാറാക്കുന്നതിന് ഈ ഗ്രന്ഥം മനുഷ്യരെ പ്രേരിപ്പിക്കുന്നു. ദിനാരംഭം പ്രഭാതം മുതലാണെന്നും പകലിനു ശേഷം രാത്രി തുടര്‍ന്നുവരുകയല്ലാതെ രാത്രി ഒരിക്കലും പകലിനെ മുന്‍കടക്കുകയില്ലെന്നും ഈ ഗ്രന്ഥം പഠിപ്പിക്കുന്നു.
ജീവന്റെ ഉല്‍പത്തി വെള്ളമാണെന്നു പഠിപ്പിക്കുന്നു ഈ ഗ്രന്ഥം. ഊര്‍ജത്തിന്റെ പ്രഭവമായ പ്രകാശസ്രോതസ്സ്- പ്രോട്ടോണ്‍ കണികകള്‍- അല്ലാഹുവില്‍ നിന്നാണെന്നും മഴ പെയ്തുകഴിഞ്ഞാല്‍ പുല്ലും ചെടികളും മനുഷ്യരുമെല്ലാം സ്രഷ്ടാവിന്റെ കല്‍പന വന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നും ഗ്രന്ഥം സംശയാതീതമായി സ്ഥിരീകരിക്കുന്നു. നിങ്ങള്‍ ഒരിക്കല്‍ ഇല്ലായ്മയില്‍ നിന്ന് ഉണ്ടായെങ്കില്‍ അതേ പ്രക്രിയ ആവര്‍ത്തിക്കപ്പെട്ട് നിങ്ങള്‍ വീണ്ടും ഉണ്ടാവുകയെന്നതിനെ എങ്ങനെ നിഷേധിക്കുമെന്ന് ഗ്രന്ഥം ചോദിക്കുന്നു.
ചെറുതും വലുതുമായ 114 അധ്യായങ്ങളിലായി ഈ ഗ്രന്ഥം 77,000ലധികം വാക്കുകളിലൂടെ വായിക്കുന്ന ആരെയും പിടികൂടുന്നു. ഗദ്യമല്ല പദ്യവുമല്ല, എന്നാല്‍ എല്ലാമുണ്ട്. കഥയും നോവലും പഠനവും ചര്‍ച്ചയുമെല്ലാമുള്ള അദ്ഭുതകരമായ ഈ ഗ്രന്ഥം അവതീര്‍ണമായതിന്റെ വാര്‍ഷികമായാണ് ചാന്ദ്രമാസ കലണ്ടറിലെ ഒമ്പതാം മാസം റമദാനിലെ വ്രതാനുഷ്ഠാനമായി മുസ്‌ലിംകള്‍ നിര്‍വഹിക്കുന്നത്. വ്രതമനുഷ്ഠിച്ച് അല്ലാഹുവിനു നന്ദി പ്രകാശിപ്പിക്കുക, വഴങ്ങുക. ലോകമൊന്നടങ്കം ഈ മാസത്തില്‍ ഖുര്‍ആനൊപ്പമാണ്.
Next Story

RELATED STORIES

Share it