Flash News

ഖത്തര്‍ വിഷയം:അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഖത്തര്‍ വിഷയം:അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍
X


ദോഹ: ഭീകരതയെ സഹായിക്കുന്നുവെന്നും മേഖലയെ അസ്ഥിരപ്പെടുത്തുന്നുവെന്നും ആരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത്, യമന്‍, ലിബിയ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഖത്തറുമായുള്ള ഗതാഗതബന്ധം വിച്ഛേദിക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ച ഗള്‍ഫ് രാജ്യങ്ങളുടെ നടപടിയെ ലോക രാഷ്ട്രങ്ങള്‍ നടുക്കത്തോടെയാണ് കാണുന്നത്. അതേസമയം, രാജ്യങ്ങള്‍ക്കിടിയിലെ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി തുര്‍ക്കിയും കുവൈത്തും രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമായും അറിഞ്ഞിരിക്കേണ്ടവ:
•സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത്, യമന്‍, ലിബിയ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചു.

•യുഎഇ നയതന്ത്രപ്രതിനിധി ഖത്തറിനെതിരേ പ്രചാരണം നടത്തുന്നതിന് ഇസ്രായേലുമായി ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ തീരുമാനം.

•അമേരിക്കയിലെ യുഎഇ അംബാസഡര്‍ യൂസുഫ് അല്‍ ഉതൈബയുടെ ഇമെയിലുകള്‍ ചോര്‍ത്തിയ ഗ്ലോബല്‍ ലീക്‌സ് എന്ന ഹാക്കിങ് സംഘം ഇതുസംബന്ധമായ നിരവധി ഇ-മെയില്‍ ആശയവിനിമയങ്ങള്‍ പുറത്തുവിട്ടതായി അല്‍ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്.

•മേഖലാ, ആഗോള ശക്തിയെന്ന നിലയിലുള്ള ഖത്തറിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിനുള്ള ശ്രമം നടക്കുന്നതിന്റെ വ്യക്തമായ സൂചനകള്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

•നയതന്ത്രബന്ധം വിച്ഛേദിച്ച ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള ഗതാഗതബന്ധം വിച്ഛേദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

•ഖത്തറിലേക്കും പുറത്തേക്കുമുള്ള വ്യോമ, കടല്‍ ഗതാഗതബന്ധം വിച്ഛേദിക്കുന്നതായി സൗദിഅറേബ്യ, ബഹ്‌റയ്ന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.

•യമനില്‍ വിമതര്‍ക്കെതിരേ പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ നിന്ന് ഖത്തറിനെ ഒഴിവാക്കാനും ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചു.

•ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യുഎഇ, ബഹ്‌റയ്ന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ  എമിറേറ്റ്‌സ് എയര്‍വേയ്‌സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാന കമ്പനികള്‍ സര്‍വീസുകള്‍ അവസാനിപ്പിച്ചു.

•ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം വന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുത്തനെ കൂടി.

•ഖത്തറിലെ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി കുവൈത്തും തുര്‍ക്കിയും രംഗത്തെത്തി.

•ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനത്തെ ഖത്തര്‍ അപലപിച്ചു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെയും അവകാശവാദങ്ങളുടെയും അടിസ്ഥാനത്തിലുള്ള നീതീകരിക്കാനാവാത്ത നടപടിയാണ് ഈ രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഖത്തര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it