wayanad local

കൗതുകവും ആശങ്കയുമുയര്‍ത്തി ജില്ലയില്‍ ആലിപ്പഴ വര്‍ഷം



സുല്‍ത്താന്‍ബത്തേരി: ജില്ലയില്‍ കഴിഞ്ഞദിവസമുണ്ടായ ആലിപ്പഴ വര്‍ഷം കൗതുകത്തിനും ആശങ്കക്കുമിടയാക്കി. സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ മേഖലകളിലാണ് വൈകുന്നേരത്തെ വേനല്‍മഴയില്‍ ആലിപ്പഴ ചാകരയുണ്ടായത്. ഇതിനുമുമ്പും ആലിപ്പഴവര്‍ഷം ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞദിവസത്തേത് അവിശ്വസനീയ കാഴ്ചയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പലര്‍ക്കും ആശ്ചര്യം നല്‍കിയ കാഴ്ചയായിരുന്നു ഇതെങ്കിലും കര്‍ഷകര്‍ക്ക് നെഞ്ചില്‍ തീമഴയായാണ് ആലിപ്പഴം പെയ്തത്. ജില്ലയുടെ വിവിധപ്രദേശങ്ങളില്‍ സാധാരണയായി  ആലിപ്പഴ വര്‍ഷമുണ്ടാകാറുണ്ടെങ്കിലും ഇത്തരത്തില്‍ കനത്ത കൃഷിനാശമുണ്ടാക്കുന്ന തരത്തില്‍ ആലിപ്പഴവര്‍ഷം അടുത്തൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പഴമക്കാരടക്കം പറയുന്നു. ആദ്യം ചെറിയരീതിയില്‍ വന്നുവീണ ആലിപ്പഴം പിന്നീട് വാരിയെറിയിന്നതുപോലെ പതിക്കുകയായിരുന്നു. വഴിയാത്രക്കാര്‍ പലരും ആലിപ്പഴവര്‍ഷത്തില്‍ ഭയചകിതരായി സമീപത്തെ വീടുകളില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ആസ്ബസ്റ്റോസ് ഷീറ്റുകള്‍കൊണ്ടും, മെറ്റല്‍ ഷീറ്റുകള്‍കൊണ്ടും മറച്ച മേല്‍ക്കൂരകളി ല്‍ ആലിപ്പഴങ്ങള്‍ വന്നുവീണത് താമസക്കാരെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. എന്നാല്‍ കുട്ടികള്‍ മുറ്റത്തേക്കിറങ്ങിയോടി ആലിപ്പഴങ്ങള്‍ ബക്കറ്റുകളിലടക്കം ശേഖരിച്ചു വയ്ക്കുന്നതും കാണാമായിരുന്നു. കൃഷിക്കാരുടെ നെഞ്ചില്‍ തീവാരിയെറിഞ്ഞാണ് വേനല്‍മഴ കടന്നുപോയത്. ആലിപ്പഴ വര്‍ഷത്തില്‍ കാപ്പി, കുരുമുളക് തുടങ്ങിയ വിളകള്‍ക്ക് ഭാഗികമായി നാശം സംഭവിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it