Alappuzha local

കൗതുകമായി ഒപി ടിക്കറ്റില്‍ വോട്ടഭ്യര്‍ഥന

ആലപ്പുഴ: മെയ് 16 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരകരാകാന്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും.
ആരോഗ്യവകുപ്പിന് കീഴിലുള്ള 82 സ്ഥാപനങ്ങളിലൂടെ രോഗികള്‍ക്ക് നല്‍കുന്ന ഒപി ടിക്കറ്റില്‍ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ രേഖപ്പെടുത്തി കൊണ്ടാണ് ആരോഗ്യമേഖല തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാവുന്നത്. ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നു കുറിപ്പുകളില്‍ 'വോട്ട് ചെയ്യൂ; എന്റെ വോട്ട്, എന്റെ നാടിന്' എന്ന സന്ദേശമാകും രേഖപ്പെടുത്തുക.
ഇതുവഴി ദിനം പ്രതി 22000 പേരുടെ വീടുകളില്‍ തിരഞ്ഞെടുപ്പിന്റെ ആവേശം എത്തിക്കാന്‍ കഴിയുമെന്ന് പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറും ജില്ലാ കലക്ടറുമായ ആര്‍ ഗിരിജ പറഞ്ഞു.
18 വയസ്സുകഴിഞ്ഞ വോട്ടര്‍പട്ടികയില്‍ പേരുള്ള എല്ലാവരും വോട്ട് ചെയ്ത് ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ജനറല്‍ ആശുപത്രിയിലെ തിരഞ്ഞെടുപ്പ് സന്ദേശം പതിപ്പിച്ച ഒപി ചീട്ട് രോഗികള്‍ക്ക് കൈമാറിക്കൊണ്ടാണ് ജില്ലാ തല ഉദ്ഘാടനം നടന്നത്. തിരഞ്ഞെടുപ്പ് ബോധവല്‍കരണ വിഭാഗമായ സ്വീപ്പിന്റെ നേതൃത്വത്തിലാണ് നവീനമായ ഈ ആശയം നടപ്പാക്കുന്നത്.
ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റിക്കുമുന്നില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി വസന്തദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. ആര്‍ വിവേക് കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് എസ് ശ്രീദേവി, ഡെപ്യൂട്ടി കലക്ടര്‍ കെ ആര്‍ ചിത്രാധരന്‍, വി സുദേശന്‍, ഡോ. ശോഭ കുരുന്നന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it