palakkad local

കൗണ്‍സില്‍ യോഗം പൂര്‍ത്തിയാവാതെ പിരിഞ്ഞു

പാലക്കാട്: വിവാദപ്രമേയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതിനെ ചൊല്ലി ഉയര്‍ന്ന ബഹളം കാരണം നഗരസഭാ കൗണ്‍സില്‍ യോഗം ചര്‍ച്ച പൂര്‍ത്തിയാക്കാതെ പിരിഞ്ഞു. ബഹളം രൂക്ഷമായപ്പോള്‍ 1,  21 അജണ്ടകള്‍ ഒഴികെയുള്ളവ പാസാക്കിയതായി പ്രഖ്യാപിച്ച് ചെയര്‍പേഴ്‌സണ്‍ യോഗം അവസാനിപ്പിച്ചതായി അറിയിക്കുകയായിരുന്നു. അജണ്ടകള്‍ പാസാക്കിയതിനെതിരെ വിയോജിപ്പ് നല്‍കുമെന്ന യുഡിഎഫ്-എല്‍ഡിഎഫ് അംഗങ്ങള്‍ അറിയിച്ചു.തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിക്കുന്നതായിരുന്നു വിവാദ പ്രമേയം. ഭരണപക്ഷം കഴിഞ്ഞ കൗണ്‍സിലിലും ഈ പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെ യോഗം തുടങ്ങിയതും ഈ പ്രമേയം അജണ്ടയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ അംഗങ്ങള്‍ ചെയര്‍പേഴ്‌സനു മുന്നിലെത്തി.കഴിഞ്ഞ കൗണ്‍സിലില്‍ സിപിഎം അംഗം പറഞ്ഞതു പ്രകാരമാണ് പ്രമേയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയതെന്ന് ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കി. പ്രമേയം നീക്കാതെ കൗണ്‍സില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇടതുപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. ഇതേ തുടര്‍ന്ന് കൗണ്‍സില്‍ നിര്‍ത്തിവെച്ചു. മുനിസിപ്പല്‍ ചട്ടപ്രകാരം പ്രമേയം അനുവദിക്കുമ്പോഴുള്ള വ്യവസ്ഥകളില്‍, നഗരസഭയുടെ ഭരണപരമായ പരിധിയില്‍ വരുന്ന സംഗതിയെ സംബന്ധിച്ചുള്ളതാകണമെന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തുകയും വീണ്ടും കൗണ്‍സില്‍ ചേര്‍ന്ന് അജണ്ട വായിക്കുമ്പോള്‍ പ്രമേയം തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. നിയമവിരുദ്ധമായ അജണ്ടയാണെന്നു വ്യക്തമാക്കി പ്രതിപക്ഷം  ബഹളം തുടര്‍ന്നതോടെ സഭ പിരിയുകയായിരുന്നു. തുടര്‍ന്ന് ഇടതു അംഗങ്ങള്‍ പ്രതിഷേധ പ്രകടനമായി ചെയര്‍പേഴ്‌സന്റെ മുറിക്കുമുന്നിലെത്തി മുദ്രാവാക്യം മുഴക്കി. വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എ കുമാരി, ആര്‍ ഉദയകുമാര്‍, എന്‍ ശിവരാജന്‍, വി നടേശന്‍, സെയ്തലവി, മോഹന്‍ബാബു, കെ മണി സംസാരിച്ചു..
Next Story

RELATED STORIES

Share it