kannur local

കൗണ്‍സിലര്‍ക്കെതിരേ ഡെപ്യൂട്ടി മേയറുടെ വിവാദ പരാമര്‍ശം കോര്‍പറേഷന്‍ യോഗത്തില്‍ ബഹളം



കണ്ണൂര്‍: ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് കൗണ്‍സിലര്‍മാരെ വ്യക്തിപരമായി അവഹേളിക്കുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോര്‍പറേഷന്‍   കൗണ്‍സില്‍ യോഗത്തില്‍ ബഹളം. തെക്കിബസാറില്‍ പൊതുശൗചാലയം പണിയുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. മുസ്‌ലിം ലീഗിലെ സി എറമുള്ളാനാണ് ചര്‍ച്ച തുടങ്ങിവച്ചത്. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലമായ അവിടെ ശൗചാലയത്തിന് പകരം മറ്റൊരു നല്ല പദ്ധതിയുമായി മുന്നോട്ടുപോവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെത്തുന്ന നഗരത്തില്‍ ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്റെ വാദം. തെക്കിബസാറില്‍ പൊതുശൗചാലയം പണിയുന്നത് ഉചിതമായിരിക്കുമെന്ന് എന്‍ ബാലകൃഷ്ണന്‍ മാസ്റ്ററും അഭിപ്രായപ്പെട്ടു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി നടപ്പാക്കുന്ന ഈ പദ്ധതി എറമുള്ളാന്‍ അംഗമായ വികസന സ്റ്റാന്റിങ് കമ്മിറ്റി അംഗീകരിച്ചതാണെന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് വ്യക്തമാക്കി. എന്നാല്‍ അന്ന് എതിര്‍ക്കാത്ത അദ്ദേഹം ഇപ്പോള്‍ മാറ്റണമെന്നു പറയുന്നത് ശരിയല്ല. സുപ്രധാന യോഗങ്ങളില്‍ ചായ കുടിച്ച് പോവുന്നതല്ലാതെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതാണ് പ്രശ്‌നമെന്നും ഡെപ്യൂട്ടി മേയര്‍ കുറ്റപ്പെടുത്തി. ഇതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പൊങ്ങച്ചത്തിനു വേണ്ടി ബജറ്റ് അവതരിപ്പിച്ച് അതു നടപ്പാക്കാന്‍ കഴിയാത്ത ഡെപ്യൂട്ടി മേയര്‍ വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന് സി എറമുള്ളാന്‍ പറഞ്ഞു. വ്യക്തിപരമായ ആക്ഷേപങ്ങള്‍ മേയര്‍ നിയന്ത്രിക്കണമെന്നും കാഴ്ചക്കാരിയെ പോലെ ആസ്വദിക്കരുതെന്നും കോണ്‍ഗ്രസിലെ ടി ഒ മോഹനന്‍ കുറ്റപ്പെടുത്തി. കോര്‍പറേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൗണ്‍സിലറെന്ന നിലയില്‍ അഭിപ്രായം പറയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിനെ നല്ല രീതിയിലെടുത്ത് മറുപടി പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓരോ അംഗത്തിനും ഓരോ പദ്ധതിയിലും വ്യത്യസ്ത കാഴ്ചപ്പാടുണ്ടെന്നും അവ തള്ളാനും കൊള്ളാനും കൗണ്‍സിലിന് അവകാശമുണ്ടെന്നും അവഹേളനം പാടില്ലെന്നും സി സമീര്‍ പറഞ്ഞു. എം പി മുഹമ്മദലി, തൈക്കണ്ടി മുരളീധരന്‍, കെ കെ ഭാരതി, എം ഷഫീഖ്, കെ പി എ സലീം, കെ ജമിനി സംസാരിച്ചു.
Next Story

RELATED STORIES

Share it