ക്ഷേത്രവും ഐതീഹ്യവും കൂട്ടുപിടിച്ച് രാഷ്ട്രീയ മുന്നേറ്റത്തിന് കോണ്‍ഗ്രസ്സും

ഹനീഫ എടക്കാട്

പാലക്കാട്: ക്ഷേത്രവും ഐതീഹ്യവും കൂട്ടുപിടിച്ച് രാഷ്ട്രീയമുന്നേറ്റമുണ്ടാക്കുന്ന ബിജെപി ശൈലിക്ക് പിറകെ കോണ്‍ഗ്രസ്സും. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി 31ന് സംഘടിപ്പിക്കുന്ന മതേതര സന്ദേശയാത്ര ആരംഭിക്കുന്നത് പാലക്കാട് കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്ര പരിസരത്ത് നിന്ന്.
യാത്ര നയിക്കുന്നത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ദേശീയതലത്തില്‍ പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ഗാന്ധി പ്രശസ്തമായ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത് വാര്‍ത്തയാവുന്നതിനിടെയാണ് പാലക്കാട്ട് പാര്‍ട്ടി പരിപാടി കൈപ്പത്തി ക്ഷേത്രം എന്നറിയപ്പെടുന്ന ഏമൂര്‍ ഭഗവതി ക്ഷേത്രപരിസരത്ത് നിന്നാരംഭിക്കാന്‍ ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കല്ലേക്കുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രത്തില്‍ 1982ല്‍ ഇന്ദിരാഗാന്ധി സന്ദര്‍ശിച്ചതും ക്ഷേത്രത്തിലെ പ്രതിഷ്ഠയായ രണ്ടു കൈപ്പത്തികളും കോര്‍ത്തിണക്കിയാണ് മതേതര സന്ദേശയാത്രയ്ക്ക് ഇവിടം തിരഞ്ഞെടുത്തത്. ക്ഷേത്രപരിസരത്ത് നിന്ന് കോട്ടമൈതാനം വരെയാണ് യാത്ര.
കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നമായ പശുവും കിടാവും മരവിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് 1980ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തിലാണ് ഇന്ദിരാഗാന്ധിയടക്കമുള്ള നേതാക്കള്‍ മല്‍സരിച്ചത്. ഈ മല്‍സരത്തില്‍ കോണ്‍ഗ്രസ്സിന് വിജയിക്കാനായി. കല്ലേക്കുളങ്ങര കൈപ്പത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠയെ കുറിച്ച് ഇന്ദിരാഗാന്ധിയെ ചിലര്‍ ധരിപ്പിച്ചിരുന്നുവത്രെ. ഇതേത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്‌നമാക്കാന്‍ തീരുമാനിച്ചതെന്നും ക്ഷേത്രത്തിലെ കൈപ്പത്തി പ്രതിഷ്ഠ നിര്‍ഭയത്തിന്റെയും സുരക്ഷയുടെയും പ്രതീകങ്ങളാണെന്നും പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതിവിധിക്കെതിരേ സംഘപരിവാര ശക്തികള്‍ നടത്തുന്ന വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളില്‍ സിപിഎമ്മിനെ പോലെ കോണ്‍ഗ്രസ്സും പ്രതിരോധത്തിലാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നതും പാര്‍ട്ടി പരിപാടികള്‍ ക്ഷേത്രവുമായി ബന്ധിപ്പിച്ച് നടത്തുന്നതും ഇതിനാലാണെന്ന വിലയിരുത്തലുണ്ട്.
ദേശീയതലത്തില്‍ തന്നെ ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ഉറപ്പിക്കുന്നതിന് മൃദുഹിന്ദുത്വ സമീപനം പലപ്പോഴായി കോ ണ്‍ഗ്രസ് സ്വീകരിക്കാറുണ്ട്. ഇതേ ശൈലിയാണ് കേരളത്തിലും സമീപകാലത്ത് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. സംഘപരിവാര സംഘടനകള്‍ നടത്തുന്ന രക്ഷാബന്ധന്‍ ഈ വര്‍ഷം കോണ്‍ഗ്രസ്സും കൊണ്ടാടിയിരുന്നു. ബാലഗോകുലം ശ്രീകൃഷ്ണജയന്തിഘോഷയാത്രയ്ക്ക് സമാന്തരമായി സിപിഎം മുന്‍കൈയെടുത്ത് ബദല്‍ ഘോഷയാത്ര സംഘടിപ്പിക്കുന്നത് പതിവാക്കിയിരിക്കുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ്സും സമാനമായ ചിന്തയും പരിപാടിയുമായി രംഗത്തെത്തുന്നതെന്നും ശ്രദ്ധേയമാണ്.
Next Story

RELATED STORIES

Share it