Flash News

ക്ഷേത്രത്തില്‍ പോലിസിന്റെ മൃഗബലി: അന്വേഷണം തുടങ്ങി

കൊല്ലങ്കോട്: കൊല്ലങ്കോട് ചിങ്ങംചിറ കറുപ്പസ്വാമി ക്ഷേത്രത്തില്‍ നെന്മാറ പോലിസ് മൃഗബലി നടത്തിയ സംഭവത്തില്‍ ജില്ലാ പോലിസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സെയ്താലി, ആലത്തൂര്‍ ഡിവൈഎസ്പി കൃഷ്ണദാസ് എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. നെന്മാറ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കറുപ്പസ്വാമി ക്ഷേത്രത്തില്‍ മാംസം പാകം ചെയ്തു കഴിക്കുന്നതായും ആടിനെ കശാപ്പ് ചെയ്യുന്നതായും വാര്‍ത്ത വന്നിരുന്നു. സിഐ, എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. നെന്മാറ വേല കഴിഞ്ഞാല്‍ നെന്മാറ പോലിസ് ഇത്തരത്തില്‍ മൃഗബലി നടത്താറുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷവും വേല സമാധാനപരമായി നടന്നതിനു വഴിപാടായാണ് മൃഗബലി നടത്തിയതെന്നാണ് ആരോപണം. അതേസമയം, വേല കഴിഞ്ഞാല്‍ എല്ലാ വര്‍ഷവും നെന്മാറ സ്റ്റേഷനിലെ പോലിസുകാര്‍ ഇവിടെ എത്തി ഭക്ഷണം പാകം ചെയ്ത് കഴിച്ചുപോവാറുണ്ടെന്നും ഈ വര്‍ഷവും ക്ഷണിച്ചപ്പോള്‍ വന്നതാണെന്നും നെന്മാറ സിഐ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആടിനെ അറുത്ത സംഭവവുമായി പോലിസിന് യാതൊരു ബന്ധവുമില്ലെന്നും സിഐ പറഞ്ഞു.
ഗോത്രവര്‍ഗ സംസ്‌കാരവുമായി ബന്ധപ്പെട്ട് കോഴി, ആട് എന്നിവയെ ബലി നല്‍കി ആചാരപ്രകാരം പ്രാര്‍ഥന നടത്തുന്നയിടമാണ് ചിങ്ങംചിറ കറുപ്പസ്വാമി ക്ഷേത്രം. ഇപ്പോള്‍ എകല്യാശ്രമത്തിന്റെ ഉടമസ്ഥതയിലാണെങ്കിലും വിശ്വാസികളെ തടയാനോ ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനോ നില്‍ക്കാറില്ലെന്നും ഏതു ജാതി-മതത്തില്‍പ്പെട്ടവരും ഇവിടെ എത്തി പ്രാര്‍ഥിച്ച് പോവാറുണ്ടെന്നും മഠാധിപതി അശ്വതി തിരുന്നാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it