ക്രിസ്മസ് വിപണിയില്‍ ചിക്കന്‍ വില കുതിക്കുന്നു

കൊച്ചി: ക്രിസ്മസ് പടിവാതില്‍ക്കല്‍ എത്തിയതോടെ ഇറച്ചിക്കും മീനിനും വില കുതിച്ചുയരുന്നു. മല്‍സ്യ-മാംസാദികളില്ലാതെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പൂര്‍ണതയില്ലെന്ന് കരുതുന്നവരാണ് മലയാളികള്‍. കീശ കാലിയായാലും വേണ്ടില്ല ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കുറവില്ലെന്ന തീരുമാനത്തിന് ചുവട്പിടിച്ച് ഇന്നലെ രാവിലെ മുതല്‍ മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
തീന്‍മേശയിലെ ഇഷ്ടവിഭവമായ ചിക്കനാണ് വില ഏറ്റവുമധികം കൂടിയത്. കഴിഞ്ഞ ആഴ്ച്ചവരെ 85-90 രൂപയുണ്ടായിരുന്ന ചിക്കന്റെ വില 120-130ലെത്തി. ഗ്രാമപ്രദേശങ്ങളില്‍ കിലോ 140 രൂപയ്ക്ക് വരെ ചിക്കന്‍ വില്‍ക്കുന്നുണ്ടെന്ന് മൊത്ത വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. നാടന്‍ കോഴി വിലയും ഉയര്‍ന്നിട്ടുണ്ട്. കിലോ 180 രൂപയ്ക്ക് കച്ചവടം നടന്ന സ്ഥാനത്ത് ഇന്നലെ എറണാകുളം മാര്‍ക്കറ്റില്‍ 200 മുതല്‍ 230 വരെ രൂപയ്ക്കാണ് നാടന്‍ കോഴിയെ വിറ്റത്.
ക്രിസ്മസ് മുന്നില്‍ കണ്ട് നാടന്‍ കോഴിയെ ധാരളമായി കച്ചവടക്കാര്‍ കരുതിയിരുന്നു. എന്നാല്‍, കട തുറന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കോഴിക്കട ശൂന്യമായി. ബീഫ് വിലയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെങ്കിലും ലഭ്യതയിലെ കുറവ് ആഹാരപ്രേമികളെ വലയ്ക്കുന്നു. എറണാകുളം മാര്‍ക്കറ്റില്‍തന്നെ ഇന്നലെ ഉച്ചയോടെ ബീഫ് കാലിയായി. ഫ്രഷ് പോത്ത് ഇറച്ചി തേടിയെത്തിയവര്‍ കോള്‍ഡ് സ്റ്റോറേജുകളെ ആശ്രയിച്ചാണ് മടങ്ങിയത്. ബീഫിന് പുറമെ പോര്‍ക്ക് വിലയിലും വര്‍ധനവുണ്ടായിട്ടില്ലെന്ന് കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
സാധാരണക്കാരന്റെ തീന്‍ മേശയില്‍ വല്ലപ്പോഴും അതിഥിയായെത്താറുള്ള ആട്ടിറച്ചി വില ക്രിസ്മസ് കാലത്ത് കൈ പൊള്ളിക്കും. 100 മുതല്‍ 150 രൂപ വരെയാണ് മട്ടന്റെ വിലയിലുണ്ടായ വര്‍ധനവ്. കഴിഞ്ഞ ആഴ്ച്ചകളില്‍ 450 രൂപയുണ്ടായിരുന്ന മട്ടന്‍ വില ഇന്നലെ 550ലെത്തി. വൈകുന്നേരത്തോടെ 600 രൂപയ്ക്ക് വരെ മട്ടന്‍ വിറ്റഴിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായതോടെ മത്സ്യലഭ്യത കുറഞ്ഞത് മീനിന് വിലവര്‍ധിക്കാന്‍ കാരണമായി. കടല്‍ മീനിന് ക്ഷാമം നേരിട്ടതോടെ കായല്‍മീനിന്റെ വില കുത്തനെ കൂടി. നെയ്മീനിന് രണ്ടുദിവസം മുമ്പുണ്ടായിരുന്നതില്‍ നിന്നും 100 രൂപ വര്‍ധിച്ചു 500 രൂപയായി. കരിമീനിന്  200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 700 രൂപയായിരുന്നു കരിമീനിന്റെ വില. ചെമ്മീന്‍ 450ല്‍നിന്ന് 600-650 രൂപയായി വര്‍ധിച്ചു. വെള്ള ആവോലിക്ക്  800 രൂപ, വരാല്‍ 600- 800, വറ്റ- 400 എന്നിങ്ങനെയായിരുന്നു ഇന്നലെ മത്സ്യവിപണിയിലെ വിലവിവരം. വില വര്‍ധനവൊന്നും ആഘോഷങ്ങളെ ബാധിച്ചില്ലെന്നതിന് തെളിവാണ് ഇന്നലെ രാവിലെ മുതല്‍ മാര്‍ക്കറ്റുകളില്‍ അനുഭവപ്പെട്ട തിരക്ക്.
Next Story

RELATED STORIES

Share it