thrissur local

ക്രിസ്മസ് ദിനത്തിലെ ഇരട്ടക്കൊലപാതകം: പ്രതികള്‍ ഒളിത്താവളമാക്കിയത് ഓച്ചിറ ക്ഷേത്രത്തിലെ ഉല്‍സവപ്പറമ്പ്

പുതുക്കാട്: നെടുമ്പാളില്‍ ഇരട്ട ക്കൊലപാതകം നടത്തിയ ശേഷം മുഖ്യപ്രതികളായ നാലു പേരും ഒളിത്താവളമായി കണ്ടെത്തിയത് കൊല്ലം ജില്ലയിലെ ഓച്ചിറ ക്ഷേത്രത്തിലെ ഉല്‍സവപ്പറമ്പായിരുന്നു. സംഭവം നടന്നതിനു ശേഷം കോന്തിപുലം പാടത്ത് വടിവാള്‍ ഉപേക്ഷിച്ച സംഘം നേരെ ചേര്‍പ്പ് ചിറയ്ക്കലില്‍ എത്തി.
അര്‍ധരാത്രിയോടെ കേസിലെ ഏഴാം പ്രതിയായ ടില്‍സന്റെ കൈയില്‍ നിന്നും 2000 രൂപ വാങ്ങിയ ശേഷം ചാലക്കുടിയില്‍ നിന്നും ഇയാളുടെ സഹായത്തോടെ കൊല്ലത്തേക്ക് ബസ് കയറുകയായിരുന്നു. ആക്രമണത്തില്‍ കാലിനു പരിക്കേറ്റിരുന്ന ഒന്നാം പ്രതി രജീഷ് വ്യാജപേരില്‍ കുണ്ടറയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇതിനു ശേഷം ഓച്ചിറ ക്ഷേത്ര പറമ്പില്‍ എത്തിയ ഇവര്‍ പുതിയ കാവി മുണ്ട് വാങ്ങി ധരിച്ച് ആ നാട്ടുകാരില്‍ ഒരാളെ പോലെ ഉല്‍സവാഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിനിടയില്‍ പണം ലഭിക്കുവാനായി സുഹൃത്തുക്കളെ ഫോണിലൂടെ ബന്ധപ്പെട്ടതാണ് പോലിസിനു പ്രതികള്‍ കൊല്ലത്തുണ്ടെന്ന നിഗമനത്തിലെത്താന്‍ സാധിച്ചത്.
പണം വാങ്ങുവാനായി കൊടുങ്ങല്ലൂരിലെ മുനമ്പത്ത് എത്തിയപ്പോഴാണ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത ശേഷം ഒന്നാം പ്രതി രജീഷിനെ തെളിവെടുപ്പിനായി കോന്തിപുലം പാടത്ത് കൊണ്ടു വന്നു. കൊലപാതകത്തിനു ശേഷം ഉപേക്ഷിച്ച വടിവാള്‍ പാടത്തു നിന്നും പോലിസ് കണ്ടെടുത്തു.
Next Story

RELATED STORIES

Share it