thiruvananthapuram local

ക്രിസ്മസ് ആഘോഷത്തിനിടെ സംഘട്ടനം; കോണ്‍ഗ്രസ് ജില്ലാ നേതാവ് പിടിയില്‍

കാട്ടാക്കട: ക്രിസ്മസ് ആഘോഷത്തിനിടെ മദ്യലഹരിയില്‍ പ്രാദേശിക നേതാക്കളുമായുണ്ടായ സംഘട്ടനത്തില്‍ ജില്ലാ നേതാവ് പോലിസ് പിടിയില്‍. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും മുന്‍ ഡിസിസി ഭാരവാഹിയുമായ കരടി സുരേന്ദ്രന്‍ എന്നറിയപ്പെടുന്ന സുരേന്ദ്രനെ (48)യാണ് മലയിന്‍കീഴ് സിഐ നസീറും വിളപ്പില്‍ശാല എസ്‌ഐ ഹേമന്ത്കുമാറും ചേര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
വിളപ്പില്‍ശാല പുളിയറക്കോണം ജങ്ഷനില്‍ കഴിഞ്ഞ ഡിസംബര്‍ 26ന് നടന്ന ക്രിസ്മസ് ആഘോഷത്തിനിടെ പ്രതി അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തിനിടെ പുളിയറക്കോണം ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ അരുണ്‍ (30), അഖില്‍ (23) എന്നിവരെ സുരേന്ദ്രന്‍ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിച്ചു. ഇതിനു ശേഷം പ്രതി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. ക്രിസ്—മസ് ആഘോഷങ്ങളുടെ ഭാഗമായി പുളിയറക്കോണത്ത് ഓട്ടോ തൊഴിലാളികള്‍ പാപ്പയെ ഒരുക്കി പാട്ടും ഡാന്‍സും നടത്തിയിരുന്നു.
ഇതിനിടെ മദ്യലഹരിയിലായിരുന്ന അരുണ്‍ കരടി സുരേന്ദ്രന്റെ സ്‌കൂട്ടറിനു പുറത്തേക്ക് മറിഞ്ഞുവീണു. വീഴ്ചയില്‍ സ്‌കൂട്ടറിനു സാരമായ കേട് സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അരുണും സുരേന്ദ്രനും തമ്മില്‍ വാക്കേറ്റമുണ്ടായി.
പിറ്റേന്ന് വീണ്ടും അരുണും കൂട്ടരും സുരേന്ദ്രനുമായി തലേന്നാളത്തെ വിഷയത്തെ ചൊല്ലി വാക്കേറ്റവും ഉന്തും തള്ളും നടന്നു. തുടര്‍ന്ന് ആറിഞ്ച് നീളമുള്ള സ്റ്റീല്‍ കത്തി ഉപയോഗിച്ച് സുരേന്ദ്രന്‍ ഇരുവരെയും കുത്തുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. സംഭവസ്ഥലത്തുനിന്ന് കുത്താന്‍ ഉപയോഗിച്ച കത്തിയും സുരേന്ദ്രന്റെ സ്‌കൂട്ടറും പോലിസ് അന്നുതന്നെ കണ്ടെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it