കോഴിക്കോട്ടേക്ക് വരട്ടേയെന്ന് ഡോ. കഫീല്‍ ഖാന്‍; സ്വാഗതമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കഫീല്‍ ഖാനെ പോലുള്ളവര്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നതില്‍ സര്‍ക്കാരിന് സന്തോഷമേയുള്ളൂവെന്ന് മുഖ്യമന്ത്രി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ച് കഫീല്‍ ഖാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലുള്ള ബാബാ രാഘവ് ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ ഓക്‌സിജന്‍ കിട്ടാതെ ദുരിതത്തില്‍പ്പെട്ടവരെ സഹായിച്ചതിന്റെ പേരില്‍ യുപി സര്‍ക്കാരിന്റെ പകപോക്കലിനു വിധേയനായ കഫീല്‍ ഖാനെ ഫേസ്ബുക്കിലൂടെ തന്നെയാണ് മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തത്.
ഫജര്‍ നമസ്‌കാരത്തിനു ശേഷം ഉറങ്ങാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നും നിപാ വൈറസ് മൂലമുള്ള മരണങ്ങള്‍ തന്നെ വേട്ടയാടുന്നതായും കഫീല്‍ ഖാന്‍ പോസ്റ്റില്‍ കുറിച്ചു. സമൂഹ മാധ്യമങ്ങളിലെ കിംവദന്തികള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിക്കുന്നു. സിസ്റ്റര്‍ ലിനി പ്രചോദനമാണ്. തന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റിവയ്ക്കാന്‍ തയ്യാറാണെന്നും അതിന് അല്ലാഹു അറിവും കരുത്തും നല്‍കട്ടെ എന്നുമായിരുന്നു കഫീല്‍ ഖാന്റെ പോസ്റ്റ്. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയും സന്നദ്ധത അറിയിക്കുകയും ചെയ്ത മുഴുവന്‍ ആളുകള്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it