kannur local

കോളജുകളിലെ പരീക്ഷാ ഹാളുകളില്‍ സിസിടിവി സ്ഥാപിക്കുന്നു ; കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം



കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലെ എല്ലാ കോളജുകളിലും പരീക്ഷാ ഹാളുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. ഈ വര്‍ഷം ഡിസംബര്‍ 31നകം സിസിടിവികള്‍ സ്ഥാപിക്കും. പരീക്ഷ കഴിഞ്ഞാല്‍ ക്ലാസ് മുറികളില്‍നിന്ന് കാമറകള്‍ നീക്കം ചെയ്ത് സൂക്ഷിക്കണം. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെയും ഹെക്കോടതിയുടെയും നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. അതേസമയം, ക്ലാസ്മുറികളില്‍ സിസിടിവി ഉപയോഗിച്ച് അധ്യയനം നിരീക്ഷിക്കുന്ന രീതി ഒരു കോളജും അവലംബിക്കരുതെന്നും യോഗം അറിയിച്ചു. പരീക്ഷാജോലികളില്‍ നിന്ന് വിട്ടുനിന്ന അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം അധ്യാപകരുടെ പേരുവിവരങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലയ്ക്ക് നല്‍കാത്ത കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കെതിരേ അച്ചടക്ക നടപടികള്‍ക്ക് യോഗം ശുപാര്‍ശ ചെയ്തു. മൂല്യനിര്‍ണയ ക്യാംപുകളില്‍ മാര്‍ക്കുകള്‍ രേപ്പെടുത്തുമ്പോള്‍ വരുന്ന പിഴവുകള്‍ യോഗം ഗൗരവമായി വിലയിരുത്തി. ഇക്കാര്യത്തില്‍ അധ്യാപകരും സര്‍വകലാശാല ജീവനക്കാരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. സാങ്കേതികതടസ്സങ്ങളും നിയമ പ്രശ്‌നങ്ങളും പരിഹരിച്ച് അധ്യാപകര്‍ക്ക് മൂല്യനിര്‍ണയത്തിനുള്ള പ്രതിഫലത്തുക നല്‍കാനും തീരുമാനമായി. നേരത്തെയുള്ള ക്യാംപിന്റെയും ഇപ്പോള്‍ നടക്കുന്ന ക്യാംപിന്റെയും പ്രതിഫലത്തുക സംബന്ധിച്ച് തീരുമാനമെടുത്തു. ഈ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. താവക്കരയിലെ കണ്ണൂര്‍ സര്‍വകലാശാല കേന്ദ്ര ലൈബ്രറിയുടെ പ്രവൃത്തിസമയം രാവിലെ 8 മുതല്‍ രാത്രി 8 വരെയാക്കും. പൊതുജനങ്ങള്‍ക്കും ഗവേഷകര്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയോജനം ചെയുന്ന സമയവര്‍ധന മൂലം വരുന്ന അധികജോലിക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ഒരാെള നിയമിക്കും. ലൈബ്രറി, എന്‍ജിനീയറിങ് യൂനിറ്റ്, കംപ്യൂട്ടര്‍ യൂനിറ്റ് എന്നിവിടങ്ങളില്‍ തസ്തികകള്‍ അനുവദിക്കുന്നതിന് സര്‍ക്കാരിലേക്ക് നിര്‍ദേശം നല്‍കാനായി എം പ്രകാശന്‍ കണ്‍വീനറും അഡ്വ. പി സന്തോഷ് കുമാര്‍, എ നിശാന്ത് എന്നിവര്‍ അംഗങ്ങളുമായി സമിതി രൂപീകരിച്ചു. വിദ്യാര്‍ഥിക്ഷേമ കേന്ദ്രത്തിന് സര്‍ക്കാര്‍ അനുവദിച്ച 4.26 േകാടി രൂപയുടെ പ്രവൃത്തിക്കും അനുമതി നല്‍കി. വിദ്യാര്‍ഥി യൂനിയന് ഓഫിസും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് വിശ്രമകേന്ദ്രവും ഉള്‍െപ്പടെ ആധുനിക സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കും. സര്‍വകലാശാലയില്‍ നടക്കുന്ന വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഡോ. വി പി പി മുസ്തഫ കണ്‍വീനറായുള്ള മേല്‍നോട്ട സമിതി രൂപീകരിച്ചു. 2014-16 കാലയളവിലെ എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിലുണ്ടായ പോരായ്മ പരിഹരിക്കാന്‍ വിദ്യാര്‍ഥിക്ഷേമ വിഭാഗം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു. അഫിലിയേറ്റഡ് കോളജുകളിലും വിദൂര വിദ്യാഭ്യാസത്തിലും 2018-19 അധ്യയനവര്‍ഷം മുതല്‍ പാഠ്യപദ്ധതിയും സിലബസും പരിഷ്‌കരിക്കും. എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ വയനാട് മേഖലാ കേന്ദ്രത്തെ സര്‍വകലാശാല ഗവേഷണ കേന്ദ്രമായി അംഗീകരിച്ചു. ഗവേഷണ കാര്യങ്ങള്‍ ഏകോപിപ്പിക്കാനായി ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് രൂപീകരിച് പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ പരീക്ഷാ പേപ്പറുകള്‍ മൂല്യ നിര്‍ണയം നടത്താന്‍ സവിശേഷ പരിഗണന നല്‍കുന്ന കാര്യം പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകരുടെ പ്രമോഷനുകള്‍ തടസ്സപ്പെട്ടതു സംബന്ധിച്ച പരാതികള്‍ പഠിക്കാന്‍ ടി പി അശ്‌റഫ്, എ നിശാന്ത്, ഡോ. ജി രാജു എന്നിവരെ ഉള്‍പ്പെടുത്തി മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. അണ്‍ എയ്ഡഡ് കോളജ് അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ഉയര്‍ന്ന പ്രായപരിധി 65 ല്‍നിന്ന് 70 ആക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ഇക്കാര്യം മാനേജ്‌മെന്റുകള്‍ ഉറപ്പുവരുത്തണം. കണ്ണൂര്‍ സര്‍വകലാശാല ഏകജാലക പ്രവേശനത്തിന് പുതുതായി സ്വന്തമായ സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്താന്‍ കണ്‍വീനര്‍ ടി പി അശ്‌റഫ് സമര്‍പ്പിച്ച നിര്‍ദേശം അംഗീകരിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it